കൊച്ചി: മദ്ധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞവരുടെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്. ഹിന്ദുത്വ വാദികൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം പറഞ്ഞു.
മധ്യപ്രദേശിലെ ഖർഗോണിൽ കലാപകാരികളെന്ന് ആരോപിച്ച് ഡസൻ കണക്കിന് മുസ്ലിം വീടുകളും മസ്ജിദുമാണ് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പോലിസ് തകർത്തത്.
രാമനവമി റാലികളുടെ മറവിലുള്ള മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു. രാമനവമി റാലിക്കിടെ ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ബീഹാർ, ഗോവ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മുസ്ലിംകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ രാജ്യവ്യാപകമായി മുസ്ലിം വിരുദ്ധ കലാപം നടത്താനുള്ള ഹിന്ദുത്വ ഭീകരരുടെ സംഘടിത ശ്രമത്തിന്റെ ഭാഗമാണ്.
അക്രമങ്ങൾക്ക് എല്ലായിടത്തും ഒരേ രീതിയാണ്. വർഗീയ മുദ്രാവാക്യങ്ങളും വിദ്വേഷ ഗാനങ്ങളുമായി മുസ്ലിം കേന്ദ്രങ്ങളിലൂടെ റാലികൾ നടത്തിയാണ് ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇത്തരം സംഭവങ്ങളിൽ മതേതര- ജനാധിപത്യ ശക്തികളുടെ മൗനവും നിഷ്‌ക്രിയത്വവും നിരാശാജനകമാണെന്നും ഒഎംഎ സലാം പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിങ്ങൾക്കെതിരെ വിദ്വേഷവും അക്രമവും അഴിച്ചുവിടാനുള്ള അവസരമായി ഹിന്ദുമത ആഘോഷങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഒഎംഎ സലാം ആരോപിച്ചു. ഭരണകൂടവും പോലിസും അക്രമം തടയാൻ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഹിന്ദുത്വ അക്രമികളെ പലപ്പോളും സഹായിക്കുകയും ചെയ്യുകയാണെന്നും സലാം കുറ്റപ്പെടുത്തുന്നു.















