കൊൽക്കത്ത : ജനന്മയ്ക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികൾ സംസ്ഥാനത്തിന്റേതെന്ന് കാണിക്കാൻ പേര് മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചു. ഉത്തർ ദിനാജ്പൂർ ജില്ലാ മജിസ്ട്രേറ്റും, കളക്ടറുമായ അരവിന്ദ് കുമാർ മീനയാണ് മൂന്ന് കേന്ദ്രസർക്കാർ പദ്ധതികളുടെ പേര് മാറ്റി അവതരിപ്പിച്ചത്.
പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന എന്നീ പദ്ധതികളുടെ പേരുകൾ ആണ് അരവിന്ദ് കുമാർ സംസ്ഥാനത്തിന്റേത് എന്ന പേരിൽ മാറ്റിയത്. കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മൂന്ന് എണ്ണവും. പ്രധാനമന്ത്രി ആവാസ് യോജന ബംഗാൾ ആവാസ് യോജന എന്ന പേരിലും, സ്വച്ഛ് ഭാരത് മിഷൻ മിഷൻ നിർമ്മൽ ബംഗ്ലാ എന്ന പേരിലും, ഗ്രാമ സഡക് യോജന ബംഗ്ലാ ഗ്രാമ സഡക്ക് യോജന എന്ന പേരിലുമാണ് മാറ്റിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി രംഗത്ത് വരികയായിരുന്നു.
ട്വിറ്ററിലൂടെയാണ് സുവേന്ദു അധികാരി ഇക്കാര്യം അറിയിച്ചത്. നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Comments