ന്യൂഡൽഹി: ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താരത്തിന്റെ അമ്മയുടെ പേരിൽ പ്രധാനമന്ത്രിയ്ക്ക് രുദ്രാക്ഷമാലയും അനുപം ഖേർ സമ്മാനിച്ചു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ അനുപം ഖേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
‘ബഹുമാന്യനായ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച മനസ്സിനും ആത്മാവിനും ഒരുപോലെ സന്തോഷം പകർന്ന ഒന്നായിരുന്നു. രാജ്യത്തിന്റെ നല്ല നാളേയ്ക്കായി രാവും പകലും അദ്ദേഹം നടത്തുന്ന കഠിനാധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാനും എന്റെ മാതാവും പ്രധാനമന്ത്രിയെ കാണാൻ സാധിച്ച ഈ ദിവസം ഒരിക്കലും മറക്കില്ല. താങ്കളുടെ സംരക്ഷണത്തിനായി എന്റെ അമ്മ കൊടുത്തയച്ച രുദ്രാക്ഷമാല സ്വീകരിച്ചതിൽ അങ്ങേയറ്റം നന്ദി അറിയിക്കുന്നു. സർവേശ്വൻ പ്രധാനമന്ത്രിയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെന്നും ഇതെ ഊർജ്ജം താങ്കളിൽ നിറയട്ടെ. ജയ് ഹിന്ദ്’ ചിത്രങ്ങൾ പങ്കുവെച്ച അനുപം ഖേർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
‘താങ്കളുടെ സ്നേഹത്തിന് നന്ദി അനുപം ഖേർ. അമ്മയുടെ ഉപഹാരം എനിക്ക് ലഭിച്ച അനുഗ്രഹമായി തോന്നുന്നു. താങ്കളുടെ വാക്കുകൾ എന്നെ വളരെ അധികം സ്വാധീനിച്ചു. നന്ദി’ അനുപം ഖേർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിന് പ്രധാനമന്ത്രി മറുപടി നൽകി. അടുത്തിടെ അനുപം ഖേർ അഭിനയിച്ച ദ കശ്മീർ ഫയൽസ് എന്ന വിവേക് അഗ്നിഹോത്രി ചിത്രം വൻ ജനപ്രീതി നേടിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ നേർ കാഴ്ചകൾ തുറന്നുകാട്ടിയ ചിത്രത്തെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു.
Comments