ന്യൂഡൽഹി: ശിവഗിരി തീർത്ഥാടനനവതി, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സ്‌നേഹസമ്മാനങ്ങൾ. ഗുരുദേവ രൂപവും ഗുരുദേവന്റെ ചിത്രം പതിച്ച മഞ്ഞ നിറത്തിലുളള ഷാളുമാണ് പ്രധാനമന്ത്രിക്ക് നൽകിയത്.
ധർമ്മസംഘം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളാണ് ഗുരുദേവ രൂപം പ്രധാനമന്ത്രിക്ക് നൽകിയത്. ട്രഷറർ സ്വാമി ശാരദാനന്ദ പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ശിവഗിരി തീർത്ഥാടനനവതി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയ കനകജൂബിലി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ സ്വാമി ധർമ്മചൈതന്യ, സ്വാമി നിവേദനാനന്ദ, വിവിധ ആഘോഷകമ്മിറ്റികളുടെ ആഗോള പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും എന്റെ വിനീതമായ നമസ്‌കാരം എന്ന് തുടങ്ങി മലയാളത്തിലായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്നും അദ്ദേഹത്തിന്റെ ജൻമത്താൽ ധന്യമാക്കപ്പെട്ട പുണ്യഭൂമിയാണ് കേരളമെന്നും പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു.
ഇന്നലെ ട്വിറ്ററിലൂടെ ശിവഗിരി മഠം വിവിധ മേഖലകളിൽ നൽകുന്ന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജനകീയവൽക്കരിച്ച മഠം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2013 ലും 2015 ലും മഠം സന്ദർശിക്കാൻ കഴിഞ്ഞതും പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു.
Comments