കൊയിലാണ്ടി : മേപ്പയ്യൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ഓൺലൈൻ വിവാഹം വൈറലാകുന്നു . കീഴരിയൂരിലെ പുതിയോട്ടിൽ മഞ്ജുവും , ന്യൂസീലാൻഡിൽ ഐ.ടി. പ്രൊഫഷണലായി ജോലിചെയ്യുന്ന സൻജിത്തും തമ്മിലുള്ള വിവാഹമാണ് ഓൺലൈനായി നടത്തിയത് . നേരത്തേ തീരുമാനിച്ച ഈ വിവാഹം കൊറോണ കാരണമുള്ള യാത്രാവിലക്ക് കാരണമാണ് നടക്കാതിരുന്നത്.
ഇന്ത്യയിലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വരനും വധുവും സബ് രജിസ്ട്രാർ മുമ്പാകെ ഹാജരായി രജിസ്റ്ററിൽ ഒപ്പുവെച്ചാലേ വിവാഹം നടത്താൻ കഴിയൂ. തുടർന്ന് മഞ്ജു ഹൈക്കോടതിയെ സമീപിച്ചു. വരൻ ഓൺലൈനായി വിവാഹം നടത്താൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഹൈക്കോടതി അത് അംഗീകരിച്ചു. വരൻ വെർച്വലായി ഹാജരായി വിവാഹം നടത്തുന്നതിന് മേപ്പയ്യൂർ സബ് രജിസ്ട്രാർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതുപ്രകാരം വിവാഹ രജിസ്റ്ററിൽ വരനുവേണ്ടി വരന്റെ അച്ഛൻ ഒപ്പിട്ടു. ഗൂഗിൾമീറ്റ് വഴി ഹാജരായ വരൻ സമ്മതം നൽകി. വിവാഹനടപടികൾ സബ് രജിസ്ട്രാർ എൻ. നിതേഷ് നിർവഹിച്ചു.
Comments