കോഴിക്കോട് : ചെറുവണ്ണയിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി നല്ലളം പോലീസ്. ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.
കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ വീട്ടിൽ എത്തിയിരുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാൽ വിളിപ്പിക്കുകയായിരുന്നു. എന്നാൽ ജിഷ്ണുവിനെ ഇതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടില്ല. മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 9 മണിയോടെ നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോകുകയായിരുന്നു. അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ഫൈൻ അടയ്‌ക്കാൻ ഉണ്ടെന്നറിയിച്ചാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. തുടർന്ന് രാത്രി 9.30ന് വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. മരണ കാരണം വ്യക്തമല്ല.
പോലീസിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തിലുള്ള മർദ്ദനം ജിഷ്ണുവിന് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. കൂടാതെ നേരത്തെ ജിഷ്ണുവിനെതിരെ പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തിരുന്നു. വഴി ചോദിച്ചതുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുമായി ഉണ്ടായ തർക്കമായിരുന്നു കാരണം.
ജിഷ്ണുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ട് പോയിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി സിറ്റി പോലിസ് കമ്മീഷണർ എ അക്ബർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി അന്വേഷിക്കും. ആർ ഡി ഒ യുടെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടം ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments