തൃശൂർ : തൃശൂർ നഗരത്തിൽ പട്ടാപ്പകൽ പോത്തിന്റെ പരാക്രമം. വ്യാപാര സമുച്ചയത്തിലേക്ക് ഓടിക്കയറിയ പോത്ത് കടകളിലെ സാമഗ്രികൾ മുഴുവൻ നശിപ്പിച്ചു. പടിഞ്ഞാറെ കോട്ടക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം.
ശങ്കരയ്യര്‍ റോഡിലെ വ്യാപാര സമുച്ചയത്തിലേക്കാണ് വിരണ്ട പോത്ത് ഓടിക്കയറിയത്. 3 പേരെ പോത്ത് കുത്തി പരിക്കേൽപ്പിച്ചു. വാഹനങ്ങൾ ഇടിച്ച് തകർക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിരണ്ട് വന്ന പോത്തിനെ കണ്ട് ആളുകൾ കടകൾക്കുളളിൽ കയറിയും ഓടി മാറിയും രക്ഷപെടുകയായിരുന്നു.
എന്നാൽ നേരെ വന്ന പോത്ത് സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ നശിപ്പിച്ചു. പിന്നാലെ പുറത്തിറങ്ങി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തകർത്തു. രണ്ട് വാഹനങ്ങൾ കൊമ്പ് കൊണ്ട് കുത്തിമലർത്തുന്നത് വീഡിയോയിൽ കാണാം.
ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തിയാണ് പോത്തിനെ തളച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടികൂടിയ പോത്തിനെ കോര്‍പ്പറേഷന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പോത്തിന്‍റെ ഉടമയെ കണ്ടെത്തിയിട്ടില്ല.















