കൊച്ചി: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര മണ്ഡലത്തിൽ പ്രചരണം പൊടിപൊടിക്കുമ്പോൾ മറ്റ് സ്ഥാനാർത്ഥികളെത്തും മുൻപേ സ്ഥാനാർത്ഥി പത്രികനൽകി മേട്ടൂർ സ്വദേശി പദ്മരാജൻ. ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്റേയും തോറ്റതിന്റേയും റെക്കോർഡുമായാണ് ഇലക്ഷൻ കിംഗ് എന്നറിയപ്പെടുന്ന പദ്മരാജൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്.
യുഡിഎഫ്- എൽഡിഎഫ് മുന്നികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇവർ നാമനിർദേശ പത്രിക നൽകുന്നതിന് മുൻപേ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പത്മരാജൻ ഇന്നലെ കലക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചു.ഇന്ത്യയിലെ ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചയാൾ, ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ തോറ്റയാൾ എന്നിങ്ങനെ ഗിന്നസ്, ലിംക റെക്കോർഡ് ബുക്കുകളിൽ ഇടംപിടിച്ച ആളാണ് പദ്മരാജൻ.
കെ ആർ നാരായണൻ, എപിജെ അബ്ദുൽ കലാം, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, അടൽ ബിഹാരി വാജ്പേയി, പിവി നരസിംഹറാവു, മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, എകെ ആന്റണി, തമിഴ്നാട് മുഖ്യമന്ത്രിമാരായ ജെ ജയലളിത, എം കരുണാനിധി, വൈഎസ് രാജശേഖര റെഡ്ഡി, എസ്എം കൃഷ്ണ, രാഹുൽ ഗാന്ധി തുടങ്ങി നിരവധി പ്രമുഖർക്കെതിരെ മത്സരിച്ചിട്ടുണ്ട്.
1988ൽ തമിഴ് നാട്ടിലെ മേട്ടൂർ മണ്ഡലത്തിൽ നിന്നായിരുന്നു പത്മരാജന്റെ കന്നിയങ്കം കുറിച്ചത്. തുടർന്ന് പലതവണ മത്സരിച്ച് തോറ്റ പത്മരാജന്റ 218-ാമത്തെ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. 30 ലക്ഷത്തിലധികം രൂപയാണ് ഇതുവരെ തെരഞ്ഞെടുപ്പുകൾക്കായി ചെലവാക്കിയത്.















