ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത ഇപ്പോൾ പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട സെക്ഷൻ 124 എ പുനപ്പരിശോധിക്കണമെന്നും നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നതാണ് ഹർജികൾ
എന്നാൽ നിലവിൽ അത്തരം നടപടിയുടെ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പൗരൻമാർക്ക് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന അവകാശങ്ങൾ ഉറപ്പു നൽകുന്നതും സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്നതുമാണ് നിയമമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഐപിസിയിലെ ഈ വകുപ്പ് മികച്ച നിയമമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ നിരീക്ഷിച്ച കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി. 1962 ലെ കേദാർനാഥ് കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി എല്ലാ ഹർജികളിലും ഉന്നയിക്കപ്പെട്ടത് പരിഗണിച്ചാണ് കോടതി കേന്ദ്രസർക്കാരിനോട് നിലപാട് തേടിയത്. നിലവിൽ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഹർജികൾ. സർക്കാർ വിശദീകരണം പരിശോധിച്ച ശേഷമാകും അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്കായി ഹർജികൾ വിടണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കേസ് വീണ്ടും മെയ് 10 ന് പരിഗണിക്കും.















