തിരുവനന്തപുരം : രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെയും ഭർത്താവിനെയും സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ച കേസിലെ പ്രതി കിണറ്റിൽ ചാടി മരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശി സുബിൻ ആണ് മരിച്ചത്. മുതുവിളയിലെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ ചാടിയായിരുന്നു ആത്മഹത്യ.
കഴിഞ്ഞ ആഴ്ചയാണ് നഴ്സിനെയും ഭർത്താവിനെയും സദാചാര ഗുണ്ട ചമഞ്ഞ് സുബിനും സംഘവും ആക്രമിച്ചത്. ഇതിലെ ഒന്നാം പ്രതിയാണ് സുബിൻ. മറ്റൊരു പ്രതിയായ മോഹനൻ പോലീസ് പിടിയിലായിട്ടുണ്ട്. സംഭവ ശേഷം പോലീസിൽ നിന്നും രക്ഷപ്പെടാൻ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു സുബിൻ.
സംഭവത്തിലുള്ള മനോവിഷമം ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സുബിൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഭക്ഷണം എടുക്കുന്നതിനായി സുഹൃത്ത് സുജിത് അടുക്കളയിൽ എത്തിയപ്പോൾ കിണറ്റിൽ നിന്നും ശബ്ദം കേട്ടു. ഇതേ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സുബിനെ കണ്ടത്. ഉടനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെഞ്ഞാറമ്മൂട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Comments