ചണ്ഡീഗഡ്: മൊഹാലി ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ഖലിസ്ഥാൻ ഭീകരർക്ക് ആക്രമണം നടത്താൻ വേണ്ട എല്ലാ സഹായവും നൽകിയത് ഇയാളാണെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഉടൻ തന്നെ വിവരം പൊതുജനത്തെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഫരീദ്കോട്ട് സ്വദേശിയായ നിഷാൻ സിംഗ് ആണ് കസ്റ്റഡിയിലെടുത്ത ഒടുവിലത്തെ പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോലീസിന്റെ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയ ഖലിസ്ഥാൻ തീവ്രവാദികൾക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ച് നൽകിയതും സംഭവത്തെ കുറിച്ച് വ്യക്തമായി പഠിപ്പിച്ച് നൽകിയതും ഇയാളാണെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി 7.45ഓടെയാണ് കെട്ടിടത്തിന് നേരെ ആക്രമണം ഉണ്ടായത്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് ആക്രമികൾ ഉപയോഗിച്ചത്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് സ്ഫോടനം ഉണ്ടായത്. നിരോധിത ഖാലിസ്ഥാനി സംഘടന തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായാണ് അക്രണമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു.
Comments