ഇടുക്കി: അടിമാലിയിൽ കഞ്ചാവ് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷിനെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
ഇയാളുടെ നില ഗുരുതരമാണ്.സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. പതിനാലാം മൈൽ സ്വദേശി ആൽബിൻ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗൻ (21), മുരുഗൻ, ഷിയാസ്, ജസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11:30 ഓടെയാണ് സംഭവം.അടിമാലി ടൗണിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഘം ചാറ്റുപാറയിൽ എത്തി ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ വീണ്ടും ജാതി പേരുൾപ്പടെ പറഞ്ഞു തർക്കം തുടർന്നു. വാക്കുതർക്കം രൂക്ഷമായതോടെ സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായ സംഘത്തിലുള്ള ഷിയാസ് കയ്യിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി സുധീഷിന് നേരെ എറിഞ്ഞ് പിന്നീട് തീ കൊളുത്തുകയായിരുന്നു.
ആക്രമണത്തിൽ സുധീഷിനു അറുപതു ശതമാനം പൊള്ളലേറ്റുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുധിക്കും ആൽബിനും സാരമായി പൊള്ളലേറ്റിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ ഷിയാസിനും പൊള്ളലേറ്റു. ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തേനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പോലീസ് പിടികൂടിയത്.
Comments