മലപ്പുറം: വ്യാജ പോക്സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. 4 വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വഴിക്കടവ് പോലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടിയെയും അമ്മയെയും ശാസ്ത്രീയമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ കുട്ടിയെക്കൊണ്ട് പിതാവ് പ്രലോഭിപ്പിച്ച് ഭാര്യ സഹോദരനെതിരെ വ്യാജമൊഴി നൽകിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.പോക്സോ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് ഇയാൾ മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകി അന്വേഷണം വഴിതിരിച്ചുവിടാനും ഇയാൾ ശ്രമിച്ചിരുന്നു.
കേസ് വ്യാജമെന്ന് കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയെങ്കിലും ഇയാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments