കുറ്റ്യാടി : മലപ്പുറത്ത് വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. കൂട്ടിലങ്ങാടി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യമാണ് വിജിലൻസ് റെയ്ഡിനിടെ പിടിയിലായത്.
കുടിലങ്ങാടി സ്വദേശിയായ നിഥിൻ തന്റെ അമ്മാവന്റെ പേരിലുള്ള സ്ഥലം ഈട് വച്ച് ബാങ്ക് ലോൺ എടുക്കുന്നതിന് പട്ടയം ശരിയാക്കുന്നതിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി നിരവധി തവണ വില്ലേജ് ഓഫീസിൽ എത്തിയെങ്കിലും നിഥിന് പട്ടയം ശരിയാക്കാനുള്ള റിപ്പോർട്ട് ലഭിച്ചില്ല. തുടർന്ന് വില്ലേജ് അസിസ്റ്റന്റ് സുബ്രഹ്മണ്യനെ സമീപിക്കുകയായിരുന്നു. പട്ടയം ശരിയാക്കി നൽകുന്നതിന് വേണ്ടി 4000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട വിവരം നിഥിൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസിൽ എത്തിയ വിജിലൻസ് സുബ്രഹ്മണ്യനെ കയ്യോടെ പിടികൂടി. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിക്ക് മുമ്പാകെ ഹാജരാക്കും.
Comments