തൃശൂർ: ജില്ലയിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ വർഷക്കാല പൂർവ്വ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ അതാത് വകുപ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിച്ച് നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രി അറിയിച്ചു.
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കുന്നിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലെ സ്ഥിതി സംബന്ധിച്ച് ആലോചന യോഗം ചേരണം. മരം മുറിക്കൽ ഉൾപ്പെടെയുള്ള പരാതികൾ ലഭിക്കുമ്പോൾ അടിയന്തര നടപടികളെടുക്കണമെന്നും പഞ്ചായത്ത് തലത്തിൽ ആർആർടി സംഘം ഉൾപ്പെടെ സജ്ജമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു. വാട്ടർ അതോറിറ്റി, ഇറിഗേഷൻ, പിഡബ്യൂഡി തുടങ്ങി വകുപ്പുകൾ ബന്ധപ്പെട്ട യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും പൂർത്തീകരിക്കാതെ കിടക്കുന്ന പ്രവൃത്തികളിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തന്നെ മഴക്കാല പൂർവ്വ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കൃഷി നാശം ഉണ്ടായവരുടെ വിവരങ്ങൾ എത്രയും വേഗം ഉദ്യോഗസ്ഥർ ശേഖരിക്കണമെന്നും അവരെ സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു.
മഴയുടെ പശ്ചാത്തലത്തിൽ വ്യഷ്ടി പ്രദേശങ്ങളിലും താഴ്ന്ന് കിടക്കുന്ന സ്ഥലങ്ങളിലും അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുണ്ട്. മഴ മുന്നറിയിപ്പുള്ളതിനാൽ അതാത് വകുപ്പ് തലവൻമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കേണ്ട വിഷയങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കെഎസ്ഇബി അധികൃതർ പ്രത്യേക ജാഗ്രത പാലിക്കണം. പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി, കിഫ്ബി ഉൾപ്പടെയുള്ളവർ മാറ്റിവച്ചിരിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണം. അപകടകരമായ അവസ്ഥയിൽ നിലനിൽക്കുന്ന മരങ്ങൾ മുറിക്കാൻ ബന്ധപ്പെട്ട അധികൃതർ മുൻകൈ എടുക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. അവലോകന യോഗത്തിൽ ജില്ലയിലെ എം എൽ എ മാർ, പഞ്ചായത്ത് പ്രതിനിധികൾ, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ആർ ഡി ഒ പി എ വിഭൂഷണൻ, തഹസിൽദാർമാർ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Comments