പത്തനംതിട്ട: രാത്രി തടി ലോറി റോഡിൽ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പോലീസുകാരന് ക്രൂരമർദ്ദനം. പത്തനംതിട്ട പെരുന്നാട്ടിലാണ് സംഭവം. പരുക്കേറ്റ സീനിയർ സിപിഒ അനിൽകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10 മണിയോടെ പെരുന്നാടിന് സമീപം മാമ്പാറയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റാന്നി അത്തിക്കയം സ്വദേശികളായ സച്ചിൻ, അലക്സ് എന്നിവരെ് പിടികൂടി. ഇവരെ പിടികൂടാനെത്തിയ സിഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന് നേർക്കും അക്രമം ഉണ്ടായി.
തടി ലോറി റോഡിൽ മാർഗതടസമുണ്ടാക്കിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ അനിൽകുമാർ ഇടപെടുകയായിരുന്നുവെന്നാണ് വിവരം. അനിൽ കുമാറിന്റെ തലയ്ക്കും കണ്ണിന്റെ പുരികത്തിനുമാണ് പരിക്കേറ്റത്. ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഡ്യൂട്ടിയിലുളള പോലീസുകാരന്റെ കൃത്യനിർവ്വഹണത്തിൽ തടസമുണ്ടാക്കി, ആക്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
Comments