മായാത്ത ചിരി എന്ന് നാം കേട്ടിട്ടുണ്ടാകും.. പക്ഷേ ഒരാൾക്ക് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുമോ..
സാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു പിഞ്ചുകുഞ്ഞ് തെളിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ പൗരന്മാരുടെ ഈ കുഞ്ഞ് ജനിച്ചത് ‘പെർമെനന്റ് സ്‌മൈലു’മായിട്ടാണ്.
വൈറലായി മാറിയ ഈ ഓസ്‌ട്രേലിയൻ കുഞ്ഞ് ജനിക്കുന്നത് 2021 ഡിസംബറിലായിരുന്നു. അവളുടെ മാതാപിതാക്കൾക്ക് അവൾക്ക് അയ്‌ല സമ്മർ മുച്ച എന്ന് പേരിട്ടു. അവൾ ജനിച്ചുവീഴുന്നത് തന്നെ ‘ബിലാറ്ററൽ മൈക്രോസ്‌തോമിയ’ എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗവുമായാണ്.
ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ മുതൽ ഇപ്രകാരം ചിരിച്ചുകൊണ്ടാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. ചുണ്ടുകളുടെ അഗ്രങ്ങൾ കൂടിച്ചേരാത്ത അവസ്ഥയുള്ളതിനാലാണ് എപ്പോഴും ചിരിച്ചിരിക്കുന്നതുപോലെ കാണുന്നവർക്ക് അനുഭവപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
കുട്ടിയുടെ വായ് ഭാഗം അസാധാരണമാണെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ അയ്‌ലയുടെ മാതാപിതാക്കൾ ഏറെ സങ്കടപ്പെട്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ഒരു രോഗാവസ്ഥയെക്കുറിച്ച് അന്നവർ ആദ്യമായി അറിഞ്ഞു. ഇത് ജനിതകമായി സംഭവിക്കുന്നതല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 2007-ൽ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം ലോകത്ത് 14 കേസുകൾ മാത്രമാണ് മൈക്രോസ്‌തോമിയ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മുഖത്തെ സൗന്ദര്യത്തെ ബാധിക്കുന്നു എന്നതിലുപരി ഇത് സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് ചുണ്ടുകൾ കൂട്ടിപിടിക്കാൻ ബുദ്ധിമുട്ടായതിനാൽ മുലപ്പാൽ കുടിക്കാനും പ്രയാസമായിരിക്കും. അതുകൊണ്ട് ചുണ്ടുകളുടെ പ്രതിസന്ധി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അയ്‌ലയുടെ മാതാപിതാക്കൾ. എന്നിരുന്നാലും ടിക്ക്‌ടോക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് അയ്‌ലക്കുള്ളത്.















