ഭൂമിയിൽ വളർന്നു വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ കടൽ സസ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ഷാർക്ക് ബേ എന്ന സ്ഥലത്താണ് അത്യപൂർവ്വവും അത്ഭുതകരവുമായ സസ്യങ്ങളുടെ വലിയ കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 4,500 വർഷങ്ങൾക്ക് മുമ്പ് രണ്ട് വ്യത്യസ്ത കടൽസസ്യങ്ങൾ തമ്മിൽ പരാഗണം നടന്ന് വിത്ത് മുളച്ചാണ് ഈ കടൽപ്പുല്ലുകൾ രൂപം കൊണ്ടത്. ഈ ചെടി ഏകദേശം 200 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്നതായാണ് വെസ്റ്റേൺ ഓസ്ട്രേലിയ സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നത്.
ഓസ്ട്രേലിയൻ കടൽത്തീരങ്ങളിൽ സാധാരണായായി ഇവ കാണപ്പെടുന്നുണ്ടെങ്കിലും വിശാലമായി പരന്ന് കിടക്കുന്ന വലിയ ഒരുകൂട്ടം ആകസ്മികമായാണ് ശാസ്ത്രജ്ഞരുടെ കണ്ണിലുടക്കിയത്. തുടർന്ന് സസ്യത്തിന്റെ ജനിതക വൈവിധ്യം കണ്ടെത്തുന്നതിനായി പഠനം നടത്താൻ തീരുമാനിച്ചു. ഉൾക്കടലിൽ നാളുകളുടെ പഠനത്തിനൊടുവിൽ അവർ കണ്ടെത്തിയ സത്യം ഞെട്ടൽ ഉണ്ടാക്കി. ഒരേയൊരു വിത്തിൽ നിന്നാണ് ഭൂമിയിലെത്തന്നെ ഏറ്റവും വലിയ സസ്യങ്ങളുടെ കൂട്ടം ഉടലെടുത്തിരിക്കുന്നത്. ഈ കടൽ സസ്യത്തിന് കൃത്യമായി ഒരു നാമം നൽകിയിട്ടില്ല. ഏതാണ്ട് 20,000 മൈതാനങ്ങളുടെ, അല്ലങ്കിൽ മാൻഹട്ടൻ ദ്വീപിന്റെ മൂന്നിരട്ടി വലിപ്പത്തിലാണ് ഈ കടൽപ്പുല്ലുകൾ വ്യാപിച്ചു കിടക്കുന്നത്.
നിലവിൽ ആമകൾ, ഡോൾഫിനുകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ എന്നിങ്ങനെ ഒരു വലിയകൂട്ടം സമുദ്രജീവജാലങ്ങൾക്ക് ആവാസ്ഥ വ്യവസ്ഥ പ്രദാനം ചെയ്യുകയാണ് പുൽമേട് പോലെ പരന്നുകിടക്കുന്ന ഈ സസ്യങ്ങൾ. ഈ ചെടി അതിന്റെ കാഠ്യനത്താലും ശ്രദ്ധനേടുന്നു. മാറി മാറി വരുന്ന സമുദ്രമാറ്റങ്ങളോട് മല്ലിട്ടാണ് ഇവ വളരുന്നത്. മികച്ച പ്രതിരോധ ശേഷിയുള്ള ഈ സസ്യത്തിന് കടലിലെ താപനിലയിൽ വരുന്ന മാറ്റങ്ങളോട് ഇഴുകിചേരാൻ സാധിക്കുന്നു. ഈ സസ്യങ്ങളുടെ വളർച്ച വ്യാപകമായി മറ്റ് കടൽ ചെടികളുടെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ പറയുന്നു. പൊതുവെ ഈ ഇനം വർഷത്തിൽ 30 സെന്റീമീറ്റർ വരെ പുൽത്തകിടി പോലെ വളരുന്നു. ഇന്നത്തെ ഈ വലിപ്പത്തിലേക്ക് വളരുവാൻ ഏകദേശം നാലായിരം വർഷങ്ങൾക്കുമേൽ സമയം എടുത്തുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
സസ്യങ്ങൾ വളർന്നിരിക്കുന്നത് ഏകദേശം 20000 ഹെക്ടർ(49000 ഏക്കറിന്) തുല്യമായാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വളർന്ന് കിടക്കുന്ന സസ്യം എന്ന് പൊതുവെ അറിയപ്പെടുന്ന യൂട്ടായിലെ അസ്പൻ മരങ്ങളുടെ നിരയേക്കാൾ വളരെ വലുതാണ് നിലവിൽ കണ്ടെത്തിയിരിക്കുന്ന സമുദ്ര സസ്യങ്ങളുടെ വലിപ്പം. ഏകദേശം 2000 മുതൽ 100,000 വർഷങ്ങൾ വരെ ഈ സസ്യങ്ങൾക്ക് ജീവിതം ഉണ്ടെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
Comments