പത്മപുരസ്ക്കാര ജേതാവായ ഡോക്ഡർ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ഭാരതത്തിനായി അവസാന ശ്വാസം വരേയ്ക്കും മുഹമ്മദ് ഗോറിയോട് ഏറ്റുമുട്ടിയ ധീരനായകൻ പൃഥ്വിരാജ് ചൗഹാനായിട്ടാണ് ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടന്ന സ്പെഷ്യൽ സ്ക്രീനിങ് കാണാൻ പ്രത്യേക അതിഥിയായി എത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണ്. അമിത്ഷായ്ക്കൊപ്പം ചിത്രം കണ്ടതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ അക്ഷയ്കുമാർ.
തനിക്ക് വളരെ വൈകാരികവും അഭിമാനകരവുമായ ഒരു സായാഹ്നം ബഹുമാന്യനായ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കൊപ്പം ലഭിച്ചുവെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാർ കുറിച്ചിരിക്കുന്നത്. ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഘോർ ഭരണാധികാരിയായിരു മുഹമ്മദ് ഘോറും പൃഥ്വിരാജ് ചൗഹാനുമായുള്ള യുദ്ധമാണ് പ്രധാന പശ്ചാത്തലം. അമിത്ഷായുടെ പ്രസംഗവേദികളിൽ അദ്ദേഹം ആവർത്തിച്ച് പറയുന്ന പേരുകളിലൊന്നാണ് ധീര ദേശാഭിമാനിയായ ഹിന്ദു ചക്രവർത്തി പൃഥ്വിരാജ് ചൗഹാന്റേത്. ചൗഹാനെ പോലുള്ള നാടിന്റെ വീരന്മാരെ അറിഞ്ഞിരിക്കേണ്ടതാണെന്ന് അമിത്ഷാ പ്രസംഗവേദികളിൽ പറയാറുണ്ട്.
ചിത്രത്തിൽ രാജകുമാരി സൻയോഗിത എന്ന കഥാപാത്രമായി മുൻ ലോക സുന്ദരി മാനുഷി ചില്ലർ അഭിനയിക്കുന്നു. കൂടാതെ, സോനു സുഡ്, സഞ്ജയ് ദത്ത്, അലി ഫസൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. പ്രധാനമായി ഹിന്ദിയിൽ ഒരുങ്ങിയ സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ജൂൺ 3 ന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.
Comments