മുംബൈ: അപൂർവങ്ങളിൽ അപൂർവ്വമായ മുത്തുമാല 6.2 കോടി രൂപയ്‌ക്ക് ലേലം ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ആസ്തഗുരു ജ്വല്ലറിയാണ് ലേലം സംഘടിപ്പിച്ചത്.
മൂന്ന് ശ്രേണികളിലുള്ള പ്രൃകൃതിദത്ത മുത്തുകളുടെ നെക്ലേസാണെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് ശ്രേണിയുള്ള ഈ മാലയുടെ നടുവിലെ ശ്രേണിയിലെ മുത്തുകളാണ് മാലയെ അപൂർവമാക്കുന്നത്. മറ്റ് രണ്ട് ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുത്തുകളുടെ നിറമല്ല നടുവിലെ ശ്രേണിയിലെ മുത്തുകൾക്കുള്ളത്.
ഈ മാലയിലെ ഏറ്റവും ചെറിയ മുത്തുകൾക്ക് 5.25 മില്ലിമീറ്റർ വ്യാസവും വലിയ മുത്തുകൾക്ക് 15.60 മില്ലിമീറ്റർ വ്യാസവുമാണുള്ളത്. എന്നാൽ മാലയ്‌ക്ക് 25 ലക്ഷം രൂപ മാത്രം പരമാവധി പ്രതീക്ഷിച്ചിരുന്നിടത്താണ് 6.2 കോടി രൂപയ്‌ക്ക് മാല ലേലം ചെയ്തുപോയതെന്ന് സംഘാടകർ പറയുന്നു. മുത്തുകളുടെ വലിപ്പത്തിന്റെ പ്രത്യേകതയാലാണ് ഈ മാല അപൂർവമായത്. ഓൺലൈനായിട്ടായിരുന്നു ലേലം.















