കോട്ടയം : ഒരു മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിന് അപമാനമാണ്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി. കോട്ടയം പ്രസ്സ് ക്ലബ്ബിൽ വെച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സരിതയുമായി തനിക്ക് ഏറെ കാലമായി അടുത്ത ബന്ധമുണ്ടെന്നും ഇപ്പോൾ നടക്കുന്നത് പോലുള്ള പ്രചാരണങ്ങൾ അനാവശ്യമാണെന്നും പിസി ജോർജ് പറഞ്ഞു. താൻ സമീപിച്ച രാഷ്‌ട്രീയ നേതാക്കൾ തന്നെ പിച്ചി ചീന്തിയപ്പോൾ നല്ല രീതിയിൽ തന്നെ സമീപിച്ചത് പിസി ജോർജ് മാത്രമാണെന്ന് സരിത പറഞ്ഞിട്ടുണ്ട്. താൻ സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അത് ഗുഢാലോചനയ്‌ക്ക് ആയിരുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു.
സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന് കണ്ടതാണ്. സ്വപ്‌നയുടെ കൈപ്പടയിൽ എഴുതിയ കത്തും പിസി ജോർജ് പുറത്തുവിട്ടു. സന്ദീപ് നായർ നിരന്തരം കുറ്റം ചെയ്യുന്നയാളാണെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്വപ്‌നയുടെ കത്തിൽ പറയുന്നു. എന്നാൽ ഈ കേസിൽ എൻഐഎ അയാളെ മാപ്പുസാക്ഷിയാക്കി എന്നാണ് സ്വപ്‌ന സുരേഷ് പിസി ജോർജിന് നൽകിയ കത്തിൽ പറയുന്നത്.
2016 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സ്വപ്നയെ വിളിച്ച് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് പോകാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കാൻ പറഞ്ഞുവെന്നാണ് കത്തിലുള്ളത്. ഇത് സ്വപ്‌ന ചെയ്തു. തുടർന്ന് വീണ്ടും വിളിച്ച് ”മുഖ്യമന്ത്രി പോയി, പക്ഷേ അദ്ദേഹത്തിന്റെ ബാഗ്ഗേജ് കൊണ്ടുപോകാൻ മറന്നു” എന്ന് പറഞ്ഞു, അത് എത്തിച്ച് കൊടുക്കണമെന്നും പറഞ്ഞു. ഉടനെ സ്വപ്‌ന കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ ഒരാളെ ബാഗേജുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് അയച്ചു. കോൺസുലേറ്റിൽ ബാഗ് സ്‌കാൻ ചെയ്തപ്പോൾ കണ്ടത് നോട്ട് കെട്ടുകളാണ്.
സരിത്താണ് അന്നത്തെ കോൺസുലേറ്റിലെ പിആർഒ. മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് അധികം വൈകാതെ ഇന്ത്യയിലേക്ക് നയതന്ത്ര പാക്കേജ് എത്തി. ഇത് സന്ദീപ് നായർ കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥർ തുറന്നുനോക്കിയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ വിളിച്ച് നയതന്ത്ര പാഴ്‌സൽ തുറക്കരുത് എന്ന് നിർദ്ദേശം നൽകിയെങ്കിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് തുറന്നു. മുപ്പത് കിലോ സ്വർണമാണ് അന്ന് പിടച്ചെടുത്തത്.
കേസ് എടുത്തപ്പോൾ ശിവശങ്കറും സ്വപ്‌നയും സരിത്തുമെല്ലാം പ്രതിയായി. സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പിസി ജോർജ് പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണം കൊടുത്തുവിട്ടത്. അന്വേഷണം സിബിഐക്ക് പോകുമെന്ന് വ്യക്തമായതോടെയാണ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കേസ് രജിസ്റ്റർ ചെയ്ത് മൂന്നാം മാസം ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങി സർക്കാർ ഉദ്യോഗത്തിൽ തിരിച്ചുകയറി. സ്വപ്‌നയും സരിത്തും 16 മാസം ജയിലിൽ കഴിഞ്ഞു. കേസ് പഴയതാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോൾ സ്വപ്‌നയും സരിത്തും പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളാണ് പുറത്തുവരുന്നത് എന്നും പിസി ജോർജ് പറഞ്ഞു.
Comments