തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്.സംസ്ഥാനത്തെ 6 ലാബുകളിലാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുങ്ങുന്നത്.എലിപ്പനി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വളരെ വേഗം രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിലവിൽ ഈ സംവിധാനം ലഭ്യമാണ്. ഇതിന് പുറമെ പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെൽത്ത് ലാബുകളിൽ ഒരാഴ്ചയ്‌ക്കകവും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വൈകാതെ തന്നെയും ഈ സംവിധാനം സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനി രോഗനിർണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്.എന്നാൽ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ വൈറസ് കടന്ന് ഏഴ് ദിവസം കഴിയണം .പുതിയ സംവിധാനത്തിലൂടെ വൈറസ് ബാധിച്ച് മൂന്നോ നാലോ ദിവസത്തിനകം പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ അത് കണ്ടെത്താനാവും.















