തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ജൂൺ 10,11 തീയതികളിൽ ബിജെപി സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണ ജൂൺ 10ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. സ്ഥാനം രാജിവെച്ച് അന്വേഷണത്തോട് സഹകരിക്കാൻ അദ്ദേഹം തയ്യാറാകണം. പി.സി ജോർജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 11 ന് കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടക്കുന്ന ധർണകൾ പ്രൊഫ. വി ടി രമ, ബി.ഗോപാലകൃഷ്ണൻ, ജോർജ് കുര്യൻ, എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, പി സുധീർ, സി കൃഷ്ണകുമാർ, എം ടി രമേശ്, വി വി രാജൻ, സി കെ പദ്മനാഭൻ, എ പി അബ്ദുള്ളക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്യും.
Comments