തൃശൂർ : തൃശൂർ രാമവർമപുരത്തെ മഹിളാമന്ദിരം സാക്ഷിയായത് ഒരു വിവാഹത്തിനാണ്. അവിടുത്തെ തന്നെ അന്തേവാസിയായ പാർവ്വതിയായിരുന്നു വധു. ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്സൺ, മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാർവ്വതിയെ വരണമാല്യം അണിയിച്ചു. മഹിളാമന്ദിരം സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകളെല്ലാം നടന്നത്. എംഎൽഎയും, മേയറും, ജില്ലാ കളക്ടറും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.
വനിത, ശിശുവികസന വകുപ്പിന്റെയും തൃശൂർ കോർപറേഷന്റെയും കീഴിലുള്ള രാമവർമപുരം മഹിളാമന്ദിരത്തിൽ രണ്ട് വർഷം മുമ്പാണ് പാർവ്വതി അന്തേവാസിയായി എത്തുന്നത്. എൽ ആൻഡ് ടി കൺസ്ട്രഷൻ കമ്പനിയിലെ ജീവനക്കാരനാണ് റോയ്സൺ. ജില്ലയിലെ ജനപ്രതിനിധികൾ, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. അമ്മയുടെ സ്ഥാനത്ത് നിന്ന് മഹിളാ മന്ദിരം സൂപ്രണ്ട് പി എസ് ഉഷ ഇവരെ അനുഗ്രഹിച്ചു.
ചടങ്ങിൽ യുവ എഴുത്തുകാരി ദീപജയരാജ് എഴുതിയ മാംസ നിബദ്ധമല്ല രാഗം എന്ന നോവൽ വധുവരൻമാർക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാർ ഓഫീസിൽ വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു, മുൻ മേയർ അജിത വിജയൻ, കോർപ്പറേഷൻ കൗൺസിൽ അംഗങ്ങൾ, അങ്കണവാടി പ്രതിനിധികൾ, ചിൽഡ്രൻസ് ഹോം അടക്കം വിവിധ സാമൂഹിക ക്ഷേമ ഹോമുകളിലെ അംഗങ്ങളടക്കം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.
Comments