ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ജൂൺ 8ന് ഹാജരാകാൻ സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊറോണ പോസിറ്റീവ് ആയതോടെ സോണിയ ഗാന്ധി സാവകാശം തേടുകയായിരുന്നു. ഇത് ഇഡി അംഗീകരിച്ചിരുന്നു.
അതേസമയം കൊറോണ പോസിറ്റീവ് ആയ സോണിയ ഗാന്ധി ഇതുവരെ രോഗമുക്തി നേടിയിട്ടില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. നാഷണൽ ഹെറാൾഡ് കേസിലാണ് സോണിയയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയയുടെ മകനും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയോട് ജൂൺ 13ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴി രേഖപ്പെടുത്താനാണ് എൻഫോഴ്സ്മെന്റ് നീക്കം.
രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജൂൺ 13ന് ഹാജരാകാൻ രാഹുലിനോട് ആവശ്യപ്പെട്ടത്. നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.
യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി പ്രകാരാമാണ് നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കഴമ്പില്ലാത്തതാണെന്നുമാണ് കോൺഗ്രസിന്റെ വാദം.
Comments