ആലപ്പുഴ: ഒന്നിന് പിറകെ ഒന്നായി മുട്ടയിട്ട് ആലപ്പുഴയിൽ ‘ഫെയ്മസ്’ ആയിരിക്കുകയാണ് ഒരു കോഴി. കാരണം ഒറ്റദിവസം 24 മുട്ടയാണ് ഈ കോഴി ഇട്ടത്. ഇതെന്ത് പ്രതിഭാസമെന്നറിയാതെ അമ്പരന്ന് നിൽക്കുന്ന നാട്ടുകാർക്ക് മുന്നിൽ കോഴിയുടെ മുട്ടയിടൽ വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.
ആലപ്പുഴ പുന്നപ്ര സ്വദേശി ബിജുകുമാറിന്റെ വീട്ടിലാണ് സംഭവം. രാവിലെ എട്ടരയോടെ മുട്ടയിടാൻ ആരംഭിച്ച കോഴി ഒന്നിന് പിറകെ ഒന്നായി വീണ്ടും വീണ്ടും മുട്ടയിട്ടു. അങ്ങനെ ഉച്ചയ്‌ക്ക് രണ്ടരയോടെ നോക്കുമ്പോൾ 24 മുട്ടകളാണ് ബിജുകുമാറിന്റെ കോഴിയിട്ടത്. ബിജുകുമാറിന്റെ മക്കൾ ചിന്നുവെന്ന് വിളിക്കുന്ന ഈ കോഴിയുടെ മുട്ടയിടൽ കാണാൻ നാട്ടുകാരും ഓടിക്കൂടിയിരുന്നു.
ബിവി 380 എന്ന സങ്കരയിനം കോഴിയാണിതെന്ന് ബിജുകുമാർ പറഞ്ഞു. ഞായറാഴ്ചയാണ് കോഴി ഇത്തരത്തിൽ 24 മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചത്. മുട്ടയിടുന്ന ദിവസത്തിന്റെ തലേന്ന് കോഴിയുടെ കാലിന് മുടന്തൽ ഉണ്ടായിരുന്നുവെന്നും ഇത് ഭേദമാകാൻ തൈലം പുരട്ടികൊടുത്തതായും ബിജുകുമാർ പറയുന്നു. ഇതിന് പിന്നാലെയാണ് നിർത്താതെയുള്ള മുട്ടയിടൽ ആരംഭിച്ചത്.
ബാങ്കിൽ നിന്നും ലോണെടുത്ത് ഏഴ് മാസം മുമ്പായിരുന്നു ബിജുകുമാർ ചിന്നു ഉൾപ്പെടെ 23 കോഴികളെ വാങ്ങിയത്. കഴിഞ്ഞ മാസങ്ങളൊന്നും യാതൊരു പ്രത്യേകതയും കാണിച്ചിട്ടില്ലാത്ത ചിന്നുകോഴി പെട്ടെന്നൊരു സുപ്രഭാതത്തിൽ തുടർച്ചയായി 24 മുട്ടകളിടുകയായിരുന്നു. എന്താണിതിന് കാരണമെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Comments