ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാക്‌സിതാനിൽ വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. പെട്രോൾ ലിറ്ററിന് 24 രൂപ വർധിക്കുകയും റെക്കോർഡ് നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ പാകിസ്താനിൽ ഒരു ലിറ്റർ പെട്രോളിന് വില 233.89 രൂപയായി.
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്‌സിഡി നൽകാനുള്ള അവസ്ഥയിലല്ല രാജ്യമെന്നും ഇതിനാൽ പെട്രോളിന് വില 24.03 രൂപ കൂട്ടുകയാണെന്നുമാണ് പാക് ഫെഡറൽ ഫിനാൻസ് മിനിസ്റ്റർ മിഫ്താഹ് ഇസ്മായിൽ പ്രഖ്യാപിച്ചത്. ജൂൺ 16 മുതൽ പെട്രോൾ ലിറ്ററിന് 233.89 രൂപയും ഡീസൽ ലിറ്ററിന് 263.31 രൂപയുമാണ് വില. ലിറ്ററിന് 211.43 രൂപ നിരക്കിലാണ് മണ്ണെണ്ണയുടെ വിൽപന.
അതേസമയം പാകിസ്താന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരാണെന്ന് പെട്രോളിയം മന്ത്രി മുസദ്ദാഖ് മാലിക്ക് പറഞ്ഞു. പാകിസ്താന്റെ സാമ്പത്തികനിലയെ മുൻസർക്കാർ വഷളാക്കിയെന്നും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പെട്രോളിന് സബ്‌സിഡി നൽകി ഇന്ധനവില കുറച്ച് സർക്കാരിന് വലിയ ബാധ്യതയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോൾ ലിറ്ററിന് 24 രൂപ, ഡീസൽ 59 രൂപ, മണ്ണെണ്ണെ 39 രൂപ, ലൈറ്റ് ഡീസലിന് 39 രൂപ എന്നിങ്ങനെയായിരുന്നു നഷ്ടം നേരിട്ടിരുന്നതെന്നും ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് മാസം എത്തിയപ്പോൾ ഇന്ധനവിലയിൽ സബ്‌സിഡി നൽകിയത് മൂലമുണ്ടായ നഷ്ടം 120 ബില്യൺ കടന്നുവെന്നും ഇത് സർക്കാരിന്റെ നടത്തിപ്പിന് ആവശ്യമായ ചിലവിന്റെ മൂന്ന് മടങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















