ആ കർപ്പൂര സുഗന്ധം ഇവിടെങ്ങുമുണ്ട്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആ കർപ്പൂര സുഗന്ധം ഇവിടെങ്ങുമുണ്ട്

കാവാലം ശശികുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 12:06 pm IST
FacebookTwitterWhatsAppTelegram

മഹാകവി എസ്. രമേശൻനായർ അന്തരിച്ചിട്ട് ജൂൺ 18 ന് ഒരു വർഷം തികയുന്നു. കവിക്ക് ഒരു അനുയായിയുടെ ശ്രാദ്ധാഞ്ജലി

കർപ്പൂരം അങ്ങനെയാണ്. അകലത്തെവിടെയെങ്കിലും ഉരുകിയാലും ഗന്ധം പടർന്നെത്തും; കൺവെട്ടത്ത് ആവണമെന്നില്ല. സ്വയം ഉരുകി, പ്രകാശവും സുഗന്ധവും വിശുദ്ധിയും പരത്തും. അത് ഭക്തിയും വിശ്വാസവുമായി പടർന്നുകയറും. ആശ്വാസമാകും, വിശ്വാസമേറ്റും. അത് ഒരു കുന്നോളമായി കത്തിയുരുകുമ്പോഴും അങ്ങനെയാണ് മഹാകവി എസ്. രമേശൻനായർ ഗുരുവായൂരപ്പന്റെ മുന്നിൽ ഉരുകിയത്. ഒരുവർഷം തികയുന്നു, കവി നമ്മെ വിട്ടുപോയിട്ട്. 2021 ജൂൺ 18 നായിരുന്നു അത് സംഭവിച്ചത്.
രമേശൻ നായർ എഴുതി, യേശുദാസ് പാടി, കേരളം ഏറ്റുപാടി:

”ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ
ഉരുകുന്നു കർപ്പൂരമായി…” കർപ്പൂരമായി കണ്ണന്റെ മുന്നിൽ ഉരുകി. അത് ഒരു ‘കുന്നുകർപ്പൂര’മായിരുന്നു. അത് കവിയുടെ കൈവിരുതാണ്. കൽപ്പനയുടെ വൈഭവമാണ്. ഭാഷയിലെ അപാരമായ സ്വാധീനമാണ്. വാക്കിൽ വാക്കു തീർക്കുന്ന കവി.
വാക്കും അർത്ഥവും പാർവതീ പരമേശ്വരൻമാരെപ്പോലെ ചേർന്നുനിന്ന് ശിവം തരണമെന്ന് പ്രാർത്ഥിച്ച മഹാകവി കാളിദാസന്റെ പിൻമുറക്കാരനായ രമേശൻനായരുടെ പ്രാർത്ഥനയുണ്ട്, വാക്കിനോട്. 40 ശ്ലോകങ്ങളായി ‘വാക്ക്’ എന്ന പേരിൽ ആ കവിതയുണ്ട്.
രമേശൻനായർ പാട്ടായും കവിതയായയും വർത്തമാനമായും മലയാളിയുടെ നിത്യ ജീവിതത്തിൽ എന്നും ഉണ്ടാകും. കാരണം അവശേഷിപ്പിച്ചത് ഏറെയും കടന്നുപോയത് ദേഹം മാത്രവുമാണല്ലോ. ഒരേസമയം ഗൗരവവായനക്കാർക്കും ലളിതഗീതപ്രേമികൾക്കും വേണ്ടത് കവി സമ്മാനിച്ചിട്ടുണ്ടല്ലോ. ”ഗുരുവായൂരൊരു മഥുര, എഴുതിയാൽ തീരാത്ത കവിത” എന്നതുപോലെ രമേശൻനായരെക്കുറിച്ച് എഴുതിയാൽ മതിയാകില്ല എന്നതാണ് സത്യം. ആ കവിയേയും കവിതയേയും കുറിച്ച് ‘കവിപൗർണമി’ എന്ന പേരിൽ ഒരു പുസ്തകം എഴുതി തയാറാക്കുമ്പോൾ ഞാൻ അനുഭവിച്ച പ്രധാന വെല്ലുവിളിയും ഇതായിരുന്നു-ഏത് കവിതയെക്കുറിച്ച് പരാമർശിക്കാതെ വിടും? ഏത് ഒഴിവാക്കും? കളിപ്പാട്ടവിൽപ്പനക്കടയിൽ കയറിയ കൊച്ചുകുട്ടിയെപ്പോലെ, എല്ലാമിഷ്ടം, കട മുഴുവൻ ഒപ്പംകൂട്ടാൻ മോഹം, പക്ഷേ പ്രിയപ്പെട്ടത് തിരഞ്ഞെടുത്തേ പറ്റൂ.

പാഴായി ഒരക്ഷരം എഴുതാതിരിക്കുക എന്ന പാടുപെടുത്തുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്. അതികൊണ്ടുതന്നെ എഴുത്തുവഴിയിൽ തിരഞ്ഞെടുക്കാനുള്ള അവകാശം പരമമാണെന്ന് കവി ദൃഢമായി വിശ്വസിച്ചു. പക്ഷേ, പലപ്പോഴും അത് അബദ്ധമായെന്ന് പിന്നീട് തോന്നിയതായി കവി പറഞ്ഞിട്ടുണ്ട്; മറ്റൊന്നുംകൊണ്ടല്ല, അയോഗ്യർ,അനർഹമായ അംഗീകാരങ്ങൾ നേടുന്നത് കൈയുംകെട്ടി കണ്ടിരിക്കേണ്ടിവന്നു. കവി പക്ഷേ വ്യസനിച്ചില്ല, എന്നാൽ, ആശങ്കപ്പെട്ടു. ‘വയലാർ’ എന്ന കവിതയിൽ അത് പറയുന്നുണ്ട്:

‘അർത്ഥം തെളിഞ്ഞ കവിതയ്‌ക്കിനി എങ്ങുപോണം
സ്വർഗ്ഗീയ ഗാനലഹരിക്കിനിയെങ്ങുപോണം
സ്വപ്‌നം പൊതിഞ്ഞ പടവുള്ളൊരു കാവ്യഗംഗാ-
സ്വർഗ്ഗ പ്രവാഹമറിയാൻ വയലാറുവേണം’
എന്ന് രമേശൻനായർ എഴുതിയപ്പോൾ അത് കവിതയിലും ചലച്ചിത്രഗാനരംഗത്തുമുണ്ടാകുന്ന നിലവാരഗതിയോർത്തുള്ള നിലവിളികൂടിയായിരുന്നു.

കൃഷ്ണൻ ചെയ്തതും
കവി ചെയ്തതും

ഒരു ഗീതത്തിൽ, കവി രമേശൻനായർ താൻ ചെയ്തതെന്താണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്ര മനോഹരമായി, കാവ്യാത്മകമായി സ്വന്തം കർമത്തെ ചുരുക്കിപ്പറയാൻ എങ്ങനെ കഴിയുന്നു. ചിപ്പിയിലടച്ച മുത്തുപോലെ, മുല്ലപ്പൂവിലെ സുഗന്ധംപോലെ ആ വരികൾ, തേൻപോലെ നുണയും തോറും മധുരം കിനിയും ഓരോ വായനയിലും.
”രാധയ്‌ക്ക് മിഴികൊണ്ട് കണ്ണെഴുതി
ഗീതയിൽ കർമത്തിൽ ജയമെഴുതി
ഗീതഗോവിന്ദത്തിൽ കളമെഴുതി
കൃഷ്ണഗാഥയ്‌ക്ക് മൊഴികൊണ്ട് തേനെഴുതി.”
ഇതെല്ലാം കൃഷ്ണൻ ചെയ്തതാണ്.
കവിയോ?
കവി ചെയ്തത് ഇതാണ്:-
‘നിന്റെ രാധാമാധവം ഞാനെഴുതി.’

കവി സ്വന്തം കവിതയ്‌ക്ക് മാർക്കിടാനിരുന്നാൽ, പൂജ്യം കൊടുത്ത് ആ കവിതയെ പൂജനീയമാക്കുന്നത് ഇങ്ങനെയാണ്. ‘മാജിക്കൽ റിയലിസം’ എന്ന എഴുത്തുസാങ്കേതികവിദ്യ ഇവിടെ ഈ കവിതയിൽ കണ്ടെത്താം.
പാട്ട് കവിതയായി മാറുന്ന കവിത പാട്ടായി മാറുന്ന പരകായ പ്രവേശത്തിന്റെ മാസ്മരക്കാഴ്ച ഈ കവിതയിൽ, (അല്ല പാട്ടല്ലേ) കാണാം.
”കാത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു
കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചൂ
പാട്ടുകൊണ്ടു പേരെടുത്ത് സഖിയെ വിളിച്ചു-അവർ
കേട്ടപാതി, കാൽത്തളിരിന് ചിറകുമുളച്ചു.
കണ്ണൻവിളിച്ചാൽ, പിന്നെ കൈവളവേണോ-
നീലക്കണ്ണെഴുതണമോ- സൂര്യപ്പൊട്ടുകുത്തണമോ
പൊന്നരഞ്ഞാൺ കൊണ്ടു നിന്റെ
വീണതോൽക്കും പൊൻകുടത്തെ
ഒന്നുചുറ്റി രണ്ടുചുറ്റിക്കൈതളരണമോ?
കളയാനില്ലൊരു മാത്രപോലും-ആ
കൈയൊഴുകുന്നേരമെല്ലാമലിയുന്നുപോലും!

കണ്ണടയുമ്പോൾ നിന്റെ കൺമഷിയെവിടെ,
കാക്കപ്പുള്ളിയുമെവിടേ നല്ല കുങ്കുമമെവിടേ
കണ്ണനെപ്പുണർന്നവാറ് മഞ്ഞുപോലലിഞ്ഞു തീരും
പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ?
മറുപിറവികളറിയാത്തൊരു ഭാഗ്യം!
മാധവനിൽ ചേർന്നു നിന്റെ മോക്ഷം”

‘മുകുന്ദമാല’യെന്ന ആൽബത്തിലാണ് എസ്. രമേശൻ നായരുടെ ഈ ഗീതം വന്നത് (2006). പി. ജയചന്ദ്രന്റെ ശബ്ദവും സുരേഷ് ശിവപുരത്തിന്റെ സംഗീതവും ഈ വരികളും ചേർന്ന് ഉണ്ടാക്കിയ രാസലീലവിലാസലഹരിക്ക് താളം പിടിക്കാത്തവരുണ്ടാകില്ല, കേൾവിക്കാരായി. നഴ്സറിക്കുട്ടികളുടെ നൃത്തരംഗത്തുമുതൽ ക്ഷേത്രമതിൽക്കകത്തെ ഭക്തിഗാനാലാപനവേദിവരെയും പ്രേമാവിഷ്‌കാരരംഗങ്ങളിലുമടക്കം പ്രചാരം നേടിയ പാട്ട്. ഈ പാട്ടിനെ കവിതയായിക്കണ്ട് വിശകലനം ചെയ്താൽ ഒരുപക്ഷേ ഇത്രയും ഗഹനമായ വേദാന്തവും ജീവിതദർശനവും ആധ്യാത്മികസത്യവും അടങ്ങിയ വരികൾ മലയാളത്തിൽ വേറെ എത്ര കവികൾക്കുണ്ടെന്ന് വിരലിലെണ്ണിത്തീരും.

കണ്ണനും രാധയും അല്ലെങ്കിൽ ഒരു ഗോപികയുമാണ് കഥാപാത്രം. കാനനമാണ് പശ്ചാത്തലം. അത് ഗോപികകളുടെ ഗ്രാമത്തിനും അകലെയുമല്ല. അവിടെ വിരഹിയായൊരു കണ്ണൻ കാത്തിരിക്കുകയാണ് ഗോപികയെ. നോക്കിനോക്കി കണ്ണുകഴച്ചു. അത്രയേ വേണ്ടൂ; ഒരു പുൽക്കൊടി. അത് ഓടക്കുഴലാക്കി, അതിൽ പാട്ടു വായിച്ചു. ശബ്ദം മാത്രമാണ് സാധാരണ ആ കുഴൽവിളി സംഗീതം. പക്ഷേ, ഇതിൽ ‘പേരെടുത്ത്’ സഖിയെ വിളിച്ചു. അസാധ്യമായതാണ് രണ്ടും. കാട്ടുമുളന്തണ്ടിനെ മുരളിയാക്കി, ഞൊടി നേരംകൊണ്ട്. അതിൽ പാട്ടുവായിച്ചു-അത് പേരെടുത്തു വിളിക്കുംപോലെ സുവ്യക്തമാക്കി. പേരുകേട്ടപ്പോഴോ, അത് മുഴുവൻ കേൾക്കും മുമ്പേ, പാതികേട്ടപ്പോഴേ അവളുടെ കാലുകൾ ചിറകുകളുള്ളതായി; ആ കാലുകൾ തളിരാണ്- ആ തളിപർപാദങ്ങളിൽ കോലരക്കിൻചാറ് തേയ്‌ക്കുന്ന കണ്ണനെ ഓർമിപ്പിച്ച്, അത് രാധതന്നെയാണെന്ന് സ്ഥാപിച്ച്, രാധ ഓടിയെത്തിയ വേഗം ചിറകുകളുള്ള കാലുകളിലൂടെ അറിയിച്ചു. കണ്ണന്റെ വിളികേട്ടാൽ പറന്നെത്തുകതന്നെയാണല്ലോ വേണ്ടത്, അതും പേരെടുത്ത് വിളിച്ചാൽ.

ഇങ്ങനെയൊക്കെ കവിതയെ വ്യാഖ്യാനിക്കുന്നത് കേട്ടിരിക്കെ കവി രമേശൻനായർ പറയുമായിരുന്നു-ആർക്കും സ്വന്തം മനസ്സിനിണങ്ങിയ രീതിയിൽ ആസ്വദിച്ച് ആനന്ദിപ്പിക്കുന്നതാകണം കവിത. പ്രായവും കാലവും ദേശവും അതിനെ ബാധിക്കരുത്. കേട്ടാൽ മനസിലാകണം. കൂടുതൽ കേട്ടാൽ കൂടുതൽ കൂടുതൽ മനസിലാകണം. അതാണ് നല്ല സാഹിത്യം. അതുകൊണ്ടാണല്ലോ എല്ലാവർക്കും രാമായണ കഥ അറിയാമെങ്കിലും വീണ്ടും വായിക്കുന്നത്. വായിക്കുന്നത് കേട്ടുനിൽക്കുന്നത്. കവിയുടെ കാവ്യ സങ്കൽപ്പം അങ്ങനെയുമായിരുന്നു.

അഗ്രേപശ്യാമി

രമേശൻനായരുടെ ആദ്യ കവിതാ സമാഹാരത്തിന്റെ പേര് അഗ്രേ പശ്യാമി എന്നാണ്. ശ്രീമന്നാരായണീയം രചിച്ച മേൽപ്പുത്തൂർ ഭട്ടതിരിപ്പാട് നാരായണീയത്തിന്റെ നൂറാം സർഗം സർഗത്തിന്റെ തുടക്കമാണ് ആ പ്രസ്താവന- ‘മുമ്പിൽ ഞാൻ കാണുന്നു…’ രമേശൻ നായാർ മുമ്പിൽ, അടുത്ത്, സദാപി കാണുമായിരുന്നു ഗുരുവായൂർ കൃഷ്ണനെ. ഞാൻ വിളിച്ചാൽ കണ്ണൻ വരും, ഞാൻ കണ്ണന്റെ ഗുമസ്തൻ, പറഞ്ഞാൽ എഴുതും എന്ന ഭാവമായിരുന്നു കവിയും കണ്ണനും തമ്മിൽ. അങ്ങനെ ആയിരത്തിലധികം ശ്രീകൃഷ്ണ കീർത്തനങ്ങൾ എഴുതി രമേശൻനായർ.
2020 ലെ ഗുരുവായൂർ ഏകാദശി ദിവസം. ഇപ്പോൾ ഞാൻ താമസിക്കുന്നിടത്തുനിന്ന് 40 കിലോ മീറ്ററോളം ദുരം അമ്പലത്തിലേക്ക്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം യാത്ര പറ്റിയില്ല. വൈകിട്ട് വിളക്കുകൊളുത്തി,സന്ധ്യാനാമം ജപിച്ച്, വിഷ്ണു സഹസ്രനാമവും നാരായണീയം ചില ദശകങ്ങളും ചൊല്ലിക്കഴിഞ്ഞപ്പോൾ ഗുരുവായൂരപ്പ സഹസ്രനാമവും ജപിച്ചു. പിന്നെയും എന്തോ സമാധാനക്കുറവ്. വെറുതേ പുസ്തക ശേഖരത്തിലൂടെ കണ്ണോടിച്ചു. അവിടെയിരിക്കുന്നു ‘വനമാല,’ എസ്. രമേശൻനായർ കൊരുത്ത വനമാല. ആയിരത്തിലധികം കൃഷ്ണ ഗീതങ്ങൾ എഴുതിയ എന്റെ പ്രിയ കവി, ഇന്ന് ഏകാദശി നോറ്റിട്ടുണ്ടാവുമോ, ഗുരുവായൂരിൽ പോയിട്ടുണ്ടാവില്ല എന്നുറപ്പ്, സഞ്ചാരം വയ്യ, കൊവിഡ് രോഗത്തെ ചെറുക്കാനുള്ള വിവിധ നിയന്ത്രണവുംകൂടി ആയപ്പോൾ…

വനമാല വായിക്കാനെടുത്തു. ഇടയ്‌ക്കെവിടെയോ ആണ് പുസ്തകത്തിൽ വിരൽ കയറിയത്. എന്റെ സംശയം തീർക്കാൻ, കവിയുടെ വിരലിൽനിന്ന് വീണ അക്ഷരങ്ങൾ അങ്ങോട്ടേക്ക് വിളിച്ചതാണ്,എന്നു തിരിച്ചറിഞ്ഞു…
രമേശൻ നായർ എഴുതുന്നു.:
‘ഒരുപാടു ദൂരെയാണെങ്കിലും
എനിക്കൊരുപാട്ടു ദൂരമേയുള്ളു-
എനിക്കൊരുപാട്ടു ദൂരമേയുള്ളു
ഗുരുവായൂർ കണ്ണന്റെ കോവിലകം’ എന്ന്. ഹൊ! ഇത്രയും അടുപ്പം പൂന്താനത്തിനും മേൽപ്പുത്തൂരിനും പിന്നെ രമേശൻനായർക്കുമേ ഉണ്ടായിരുന്നുള്ളോ… അല്ലല്ല, ഓട്ടൂർ, വികെജി, അക്കിത്തം… പക്ഷേ, ‘ഒരുപാട്ട് അടുപ്പം’ രമേശൻനായർക്കു മാത്രമാണ് എന്നാണെന്റെ പക്ഷം. അതുകൊണ്ടുതന്നെ കവി ഈ ഏകാദശിക്ക് എത്രയെത്ര പാട്ടു സമർപ്പിച്ചിട്ടുണ്ടാകണം, മറ്റു ഭക്തരും വിശ്വാസികളും പട്ടു സമർപ്പിക്കുമ്പോൾ പാട്ടു സമർപ്പിച്ച് പാട്ടിലാക്കിയെടുക്കും ഗുരുവായൂരപ്പനെ ഈ കവി.

പുസ്‌കത്തിന്റെ താൾ മുന്നോട്ടു മറിക്കണോ പിന്നോട്ടു പോകണേ എന്നായി ശങ്ക. പിന്നെ എങ്ങനെ ഒറ്റ നിമിഷംകൊണ്ട് ഈ കവിതമുഴുവൻ വായിക്കാനാകുമെന്ന അത്യാർത്തിയായി. പലതവണ വായിച്ചിട്ടുള്ള, മൂളിപ്പാടാറുള്ള കവിതകൾ ആയിട്ടും. അതാണ് രമേശൻ നായരുടെ കവിത.
”ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം” എന്ന് കവി എഴുതുമ്പോൾ, ആ വിരലുകൾ ആരുടേത് എന്ന് ചോദിക്കേണ്ട, ഞാൻ മുഴുവൻതന്നെ ഗുരുവായൂരപ്പൻ എന്നാണല്ലോ കവി പക്ഷം.
”നിൻതിരുവടിയാം നീലക്കടലിൽ
ഞാനൊരു പൂന്തിര മാത്രം”
എന്ന ആ ഭാവമുണ്ടല്ലോ, അതിലേക്ക് ഇടയ്‌ക്കിടെ വീഴുമ്പോൾ കവിയിൽ കൃഷ്ണൻ ആവേശിക്കുകയാണെന്ന് തോന്നുന്നു, അത് കവിതയായി മാറുകയാണെന്നും.
വയ്യ, ഇങ്ങനെ എത്രയെത്ര കവിതകൾ പകർത്തിയാൽ മതിയാകും. ഇല്ല, പുസ്തകം തന്നെ ചേർക്കേണ്ടിവരും.
ആ ഏകാദശിക്കവിതകൂടി…
ഗുരുവായൂർ ഏകാദശിക്ക് സന്നിധിയിൽ വൈകിയെത്തുന്നവർക്കും എത്താനാകാത്തവർക്കും സമാധാനിക്കാൻ എക്കാലത്തേക്കുമായി സമർപ്പിച്ച വരികളാണത്.
‘അണ്ഡകടാഹങ്ങൾ
ചിറകടിച്ചുണരുന്നു
അഗ്രേ പശ്യാമി
ഓരോ ജീവന്റെ ചുണ്ടിലും വിടരുന്നു
ഓം നമോ നാരായണാ….’ എന്ന ദാർശനിക കണ്ടെത്തലിന്റെ ലളിതമായ വിവരണം…. അത് മറ്റൊരു ഗുരുവായൂരപ്പപ്രിയനായ പത്മശ്രീ യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുന്നതായി വായിക്കണം; അപ്പോഴേ ലയിച്ചു ചേരൂ…
” ഗുരുവായൂർ ഏകാദശി കഴിഞ്ഞു,
അരുവികൾ യമുനകൾ
ആയിരം കൈവഴികൾ
അലതല്ലി ഒരേരോ വഴിപിരിഞ്ഞു…
ഗുരുവായൂരപ്പൻ എന്നോട് ചോദിച്ചു
വരുവാനെന്തിത്ര വൈകി? നീ മാത്രം
വരുവാനെന്തിത്ര വൈകി?

തൊഴുതു മൊഴിഞ്ഞു ഞാൻ –
പോരും വഴിയിലെൻ
മിഴികൾ നിന്നെത്തിരഞ്ഞു
മഴമുകിൽ പൂവുകണ്ടറിയാതെ ഞാൻ നിന്റെ
മയിൽപ്പീലിയാണെന്നു നിനച്ചു
മുളങ്കാടുകണ്ടു ഞാൻ നിൻ കളമുരളിയിൽ
ഇളകുന്ന സംഗീതം കേട്ടു
കണ്ടതിലൊക്കെയും നീയായിരുന്നു, ഞാൻ
എങ്ങനെ വൈകാതിരിക്കും?

വനനിരകണ്ടു ഞാൻ വിടരുന്ന പൂവുകൾ
വനമാല തീർത്തതും കണ്ടു
മഞ്ജുള സന്ധ്യകണ്ടറിയാതെ ഞാൻ നിന്റെ
മഞ്ഞപ്പട്ടാണെന്ന് നിനച്ചു
കളകളം പാടുന്ന പുഴകണ്ടു ഞാൻ നിന്റെ
കാളിയ മർദനമോർത്തൂ
കണ്ടതും കേട്ടതും നീയായിരുന്നു ഞാൻ
എങ്ങനെ വൈകാതിരിക്കും, കൃഷ്ണാ
എങ്ങനെ വൈകാതിരിക്കും…”
വായിച്ചു പാടിത്തീർന്നപ്പോൾ തേങ്ങിത്തേങ്ങിക്കരഞ്ഞു…
സമാധാനം കൂടി…
എങ്ങനെ ഇങ്ങനെ…
ഈ കവിയുടെ ചങ്ങാതി വലയത്തിൽപെട്ടതുപോലും ഭാഗ്യം…

പാട്ടിൽ അവസാനം യേശുദാസ് വിളിക്കുന്ന ‘കൃഷ്ണ’ എന്ന ചുരുക്കിയ വിളിയുണ്ടല്ലോ….
അത് ഇങ്ങനെ അലയടിക്കും….
ഏകാദശികളിൽനിന്ന് ഏകാദശികളിലേക്ക്….
അതിനപ്പുറം അണ്ഡകടാഹങ്ങളിലേക്ക്….
അതുകേൾക്കാൻ കവി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഉണ്ടാകും, അല്ലല്ല, രാമായണം കേൾക്കാൻ എവിടെയും ഭക്ത ഹനുമാൻ ഉണ്ടാകുമെന്നതുപോലെ.
കവിയുടെ ജീവൻ, കൊവിഡ് ബാധയാൽ മോക്ഷപദമണഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കണിശമായും കവി സങ്കടപ്പെട്ടിരിക്കും, കർമ്മം തീർന്ന് പോകുമ്പോൾ പ്രിയപത്‌നിയോടുപോലും ഒരുവാക്ക് പറയാതെയാണല്ലോ പോകുന്നതെന്ന്. ശബ്ദബ്രഹ്‌മത്തിൽ മൗനംകൊണ്ടുള്ള വിടപറയൽ. അതുകൊണ്ടുതന്നെ് ശബ്ദായമാനനായി കവി നമുക്കിടയിൽ എന്നുമുണ്ടാകും.

ഇത് കവിയേയും ആ കവിതകളേയും ഹൃദയത്തിൽ ചേർത്തവന്റെ ശ്രാദ്ധാഞ്ജലി…

ശ്രാദ്ധാഞ്ജലി

ഉണ്ടായിരുന്നു കവി, നമ്മുടെ കൂട്ടുകാരൻ
ഉണ്ടാക്കി നൽകിയതിവിസ്മയ ഗീതകങ്ങൾ
ഉണ്ടന്നുമിന്നുമിവിടെങ്ങടെയുള്ളിലും നീ-
യുണ്ടായിടും സുകവിയായി സനാഭിയായി

ഉണ്ടാകുമെന്ന് പറയേണ്ടത് സത്യമാണി-
ന്നുണ്ടാക്കിവെച്ച കവിതാമൃത ധാരനിത്യം
ഉണ്ടാഴിയൂഴിയെതുനാളതുമല്ലഭാഷ-
യുണ്ടായിരിക്കെ,യതിനപ്പുറവും സുസാധ്യം

ഇല്ലായിരിക്കുമിവിടങ്ങനെഞങ്ങടൊപ്പം-
ചൊല്ലാൻ വിശേഷ,മത് പുഞ്ചിരി ചേർത്തുനൽകാൻ
ചൊല്ലാതെപോയി കവിപൗർണമിയെന്നതയ്യോ
വല്ലായ്മ മാറിടുവില്ലത് കൃഷ്ണനീതി

Tags: PREMIUMramesan nair
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies