അഹമ്മദാബാദ് : ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തി. അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തി സ്വീകരിച്ചു.
ഇന്ന് രാത്രി ഗാന്ധിനഗറിലെ രാജ്ഭവനിലാകും അദ്ദേഹം താമസിക്കുക. തുടർന്ന് നാളെ അമ്മ ഹീരാബെൻ മോദിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും. ജന്മദിനവുമായി ബന്ധപ്പെട്ട് പാവഗഢിലെ മഹാകാളി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തും.
പഞ്ച്മഹൽ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ചമ്പാനറിന് സമീപം സ്ഥിതി ചെയ്യുന്ന പുരാതന മഹാകാളി ക്ഷേത്രത്തിന്റെ ശിഖര 500 വർഷങ്ങൾക്ക് മുമ്പ് സുൽത്താൻ മഹ്മൂദ് ബെഗഡ നശിപ്പിച്ചിരുന്നു. തുടർന്ന് ക്ഷേത്രം നവീക്കുന്നതിനായി സമീപത്തെ ദർഗയും ഇരു സമുദായങ്ങളുടെയും സമ്മതത്തോടെ മാറ്റിയിരുന്നു. യുനെസ്കോയുടെ പൗരാണിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ പാവഗഢിലെ ചമ്പാനറിന് സമീപമുള്ള പതിനൊന്നാം നൂറ്റാണ്ടിലെ മാഹാകാളി ക്ഷേത്രം 125 കോടി രൂപ ചെലവിലാണ് നവീകരിച്ചത്.
ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.
Comments