കൊല്ലം :വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വടക്കേമൈലക്കാട് ലക്ഷ്മിഭവനത്തിൽ രതീഷ്കുമാറിനെ(42) ആണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് സിപിഎം നേതാവ് പിടിയിലായത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. യുവതി ഏറെ കാലമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. രതീഷ്കുമാറിന്റെ ഭാര്യ കഴിഞ്ഞ വർഷം കൊറോണ ബാധിച്ച് മരിച്ചിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. യുവതിയുടെ വീട്ടുകാരിൽനിന്ന് രതീഷ്കുമാർ പലപ്പോഴായി സാമ്പത്തിക സഹായം അഭ്യർഥിച്ചിരുന്നു. തുടർന്ന് യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി ഇയാൾക്ക് പണം നൽകി.
ഇതിനിടെ രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ട എന്ന് കുടുംബം നിലപാടെടുത്തു. ഇത് ഇയാളെ പ്രകോപിപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഇയാൾ യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വീട്ടുകാർ അറിയാതെ കടന്നുകളഞ്ഞു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ അമ്മ കൊട്ടിയം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഏതാനും ദിവസത്തിന് ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി. ഒന്നിച്ചു താമസിച്ചുകൊള്ളാമെന്നും ഇരുവരുടെയും മക്കളെ നോക്കിക്കൊള്ളാമെന്നും കോടതിയെ ബോധിപ്പിച്ചു.
പിന്നീട് ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു. ഇവിടെ വെച്ച് രതീഷ്കുമാർ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു. പരാതി നൽകുമെന്ന് പറഞ്ഞതോടെ രതീഷ്കുമാർ ഒളിവിൽ പോകുകയായിരുന്നു.
Comments