ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ.
കൊറോണ വ്യാപനത്തിന്റെ നാളുകളിൽ മനുഷ്യവംശം കടന്നു പോയ ശാരീരികവും വൈകാരികവും മാനസികവുമായ സമ്മർദ്ദങ്ങളെ ഉൾക്കൊണ്ടാണ് ഇത്തവണത്തെ യോഗ ദിനം ആചരിക്കുന്നത്. മൈസൂരുവിൽ നിന്നാണ് പ്രധാനമന്ത്രി യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിൽ 15,000 പേർ യോഗാഭ്യാസങ്ങളിൽ പങ്കാളികളാകും.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ മുൻനിർത്തി രാജ്യത്തെ 75 കേന്ദ്രങ്ങളിൽ കേന്ദ്ര മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിൽ ആഘോഷങ്ങളിൽ പങ്കാളിയാകും.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് കോയമ്പത്തൂർ വ്യോമസേന താവളത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലും ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ഡൽഹി പുരാന കിലയിലും നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ചെങ്കോട്ടയിലും യോഗ ദിനാചരണ ചടങ്ങുകൾ നയിക്കും.
കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിലാണ് യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുക. മറ്റ് കേന്ദ്ര മന്ത്രിമാരായ അനുരാഗ് സിംഗ് താക്കൂർ, കിരൺ റിജിജു, മഹേന്ദ്ര നാഥ് പാണ്ഡെ, അശ്വിനി വൈഷ്ണോ, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ, മൻസുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി, ജ്യോതിരാദിത്യ സിന്ധ്യ, നിതിൻ ഗഡ്കരി, ഗജേന്ദ്ര സിംഗ് ശെഖാവത്, മുഖ്താർ അബ്ബാസ് നഖ്വി, ഗിരിരാജ് സിംഗ്, അർജുൻ റാം മേഘ്വാൾ, എന്നിവർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ആഘോഷങ്ങളുടെ നേതൃത്വം ഏറ്റെടുക്കും.
കേരളത്തിൽ, കേന്ദ്ര മന്ത്രി വി മുരളീധരൻ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും വി കെ സിംഗ് കൊച്ചിയിലും യോഗ ദിനാഘോഷങ്ങൾ നയിക്കും. വാഗാ അതിർത്തിയിൽ കേന്ദ്ര മന്ത്രി അജയ് ഭട്ടാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ് ജമ്മുവിലും ഭാരതി പവാർ അനന്തനാഗ് മാർത്താണ്ഡ ക്ഷേത്രത്തിലും യോഗ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
2014 സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐക്യരാഷ്ട്ര പൊതുസഭയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം എന്ന ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യ കൊണ്ടു വന്ന കരട് പ്രമേയം 177 രാജ്യങ്ങൾ പിന്തുണച്ചു. തുടർന്ന്, 2014 ഡിസംബർ 11ന് ഐക്യരാഷ്ട്ര സഭ ജൂൺ 21നെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു.
2015 ജൂൺ 21നായിരുന്നു ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണം.
Comments