റായ്പൂർ: ഝാർഖണ്ഡിൽ പ്രണയിനികളെ ഒരേ ദിവസം വിവാഹം ചെയ്ത് യുവാവ്. ലോഹർദാഗ സ്വദേശിയായ സന്ദീപ് ഒറാവോൺ ആണ് തന്റെ രണ്ട് പ്രണയിനികൾക്കും ഒരേ സമയം ജീവിതം നൽകിയത്. ഇരുവരെയും പിരിയാനാകാതെ വന്നതോടെയാണ് യുവതികളുടെ കഴുത്തിൽ ഇയാൾ താലി ചാർത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രദേശവാസിയായ കുസും ലക്കര, ബംഗാൾ സ്വദേശിനി സ്വാതി കുമാരി എന്നിവരെയാണ് സന്ദീപ് വിവാഹം ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി കുസുമും സന്ദീപും വിവാഹം കഴിക്കാതെ പരസ്പരം ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയും ഉണ്ട്. ഇതിനിടെ കഴിഞ്ഞ വർഷം ചെങ്കൽ ചൂളയിലെ ജോലിക്കായി ബംഗാളിലേക്ക് പോയിരുന്നു. അവിടെ വെച്ചാണ് സ്വാതിയുമായി യുവാവ് അടുപ്പത്തിലായത്. സ്വാതിയെ പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ സന്ദീപ് മടക്കയാത്രയിൽ ഒപ്പം കൂട്ടി .
ലോഹർദാഗയിൽ എത്തിയ സ്വാതിയ്ക്ക് ഇയാൾ സമീപത്ത് ജോലി വാങ്ങിക്കൊടുത്തു. അടിക്കടി സന്ദീപ് സ്വാതിയെ കാണാൻ ജോലി സ്ഥലത്തേക്ക് പോകാറുണ്ടായിരുന്നു. ഇതോടെ ഇവർ തമ്മിലുളള ബന്ധം നാട്ടുകാർ അറിഞ്ഞു. ആരംഭത്തിൽ ഇവരുടെ ബന്ധത്തെ കുടുംബവും നാട്ടുകാരും എതിർത്തെങ്കിലും പിന്നീട് ഇരുവരെയും വിവാഹം ചെയ്യാൻ യുവാവിനെ അനുവദിക്കുകയായിരുന്നു. തുടർന്ന് രണ്ട് പേരുടെ കഴുത്തിൽ യുവാവ് താലി ചാർത്തി. പ്രദേശവാസികളുടെയും ബന്ധുക്കളുടെയും പങ്കാളിത്തത്തോടെയായിരുന്നു വിവാഹം.
സ്വാതിയെയും കുസുമിനെയും ഒരു പോലെ ഇഷ്ടമാണെന്ന് വിവാഹ ശേഷം സന്ദീപ് പറഞ്ഞു. വിവാഹത്തിൽ നിയമ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം. ഇരുവരെയും തനിക്ക് വളരെ ഇഷ്ടമാണ്. ഇരുവരുമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും സന്ദീപ് വ്യക്തമാക്കി.
Comments