ഏറ്റവും വലിയ യോഗ പ്രദർശനം സംഘടിപ്പിക്കാൻ ലഡാക്കിലെ മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ. 2021 ലെ പ്രധാനമന്ത്രിയുടെ യോഗ അവാർഡ് ജേതാക്കളിലൊരാളായ ഭിക്ഷു സംഘസേന എന്ന ബുദ്ധ സന്യാസിവര്യനാണ് യോഗ പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. ജൂൺ 23 ന് പാംഗോങ് തടാകത്തോട് ചേർന്നുള്ള പ്രദേശത്താണ് മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ യോഗ പ്രദർശനം നടത്തുന്നത്. നിരവധി പേർ യോഗ പരിശീലനത്തിൽ പങ്കാളിയാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഭിക്ഷു സംഘസേന പറഞ്ഞു. യോഗയുടെ പ്രധാന്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനായാണ് വലിയ തരത്തിൽ യോഗ പ്രദർശനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷെ 23 ന് നടക്കുന്ന യോഗ പരിശീലനം ലോക റെക്കോർഡിന്റെ ഭാഗമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഭിക്ഷു സംഘസേന കൂട്ടിച്ചേർത്തു. വേൾഡ് ബുക്ക് റെക്കോർഡിന്റെ പ്രസിഡന്റ് യോഗ പ്രദർശനം കാണാൻ ലഡാക്കിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗയുടെ വികസനത്തിനും പ്രോത്സാഹനത്തിനുമുള്ള സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരം ലഭിച്ച നാലുപേരിൽ ഒരാളാണ് ഭിക്ഷു സംഘസേന. യോഗാ രംഗത്തെ സംഭാവനകൾക്ക് നൽകുന്ന ഏറ്റവും ആദരണീയമായ ബഹുമതികളിലൊന്നായാണ് പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരം വിലയിരുത്തപ്പെടുന്നത്. വിജയികൾക്ക് പുരസ്കാരത്തിനൊപ്പം ബഹുമതി പത്രവും 25 ലക്ഷം രൂപയും നൽകുന്നു. ലഡാക്കിലെ ബുദ്ധ സന്യാസി ഭിക്ഷു സംഘസേന, റോഡ്രിഗസിൽ നിന്നുള്ള മാർക്കസ് വിനീഷ്യസ് റോജോ, ബ്രസീലിൽ നിന്നുള്ള സാവോപോളോ എന്നിവർക്കൊപ്പം ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്നുള്ള ദി ഡിവൈൻ ലൈഫ് സൊസൈറ്റിയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ബ്രിട്ടീഷ് വീൽ ഓഫ് യോഗയ്ക്കും പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരം ലഭിച്ചു.
Comments