കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ വിജയ്ബാബുവിന് മുൻകൂർ ജാമ്യം. നടനെതിരായ ആരോപണം ഗുരുതരമാണെങ്കിലും ജാമ്യം നൽകുകയാണെന്ന് കോടതി അറിയിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കൂടാതെ കേസിൽ അറസ്റ്റ് നടക്കുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.
ജൂൺ 27-ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നാണ് കോടതിയുടെ നിർദേശം. 27 മുതൽ ഏഴ് ദിവസം തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകണം. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും സംസ്ഥാനം വിട്ട് പോകരുതെന്നും വിജയ് ബാബുവിനോട് കോടതി ആവശ്യപ്പെട്ടു. ഇരയെ ഒരു തരത്തിലും ബന്ധപ്പെടരുതെന്നും പാസ്‌പോർട്ട് കൈമാറണെന്നും ഉപാധിയുണ്ട്.
കേസുമായി ബന്ധപ്പെട്ട് പലതരത്തിൽ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് ബലാത്സംഗ പരാതിക്ക് കാരണമെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച വാട്‌സാപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും നടൻ കോടതിയിൽ സമർപ്പിച്ചു.
Comments