മുംബൈ: സാമൂഹിക പ്രവർത്തനങ്ങൾക്കായി വലിയ തുക നീക്കി വെച്ച് അദാനി ഗ്രൂപ്പ് സിഇഒ ഗൗതം അദാനി. 60,000 കോടി രൂപയാണ് അദ്ദേഹം സാമൂഹിക പ്രവര്ത്തനങ്ങൾക്കായി ചെലവിടുന്നത്. പിതാവ് ശാന്തിലാൽ അദാനിയുടെ ജന്മദിന ശതാബ്ദിയും തന്റെ 60ാം ജന്മദിനവും പ്രമാണിച്ചാണ് സമൂഹത്തിന് നന്മ ചെയ്യാൻ കോടിക്കണക്കിന് രൂപ മാറ്റി വെച്ചിരിക്കുന്നത്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്‌ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നൽകുക. നാളെ 60 വയസ് തികയുന്ന അദാനി തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെയ്‌ക്കുന്നത്. 60,000 കോടി രൂപ അതായത് 7.7 ബില്യൺ ഡോളർ ആണ് അദാനി നൽകുന്നത്.
1962 ജൂൺ 24ന് അഹമ്മദാബാദിലെ ഒരു ജൈനകുടുംബത്തിലാണ് ഗൗതം അദാനി ജനിക്കുന്നത്. ശാന്തിലാൽ അദാനിയുടെയും ശാന്ത അദാനിയുടെയും എട്ട് മക്കളിൽ ഒരാൾ. ഒരു വസ്ത്രവ്യാപാരിയായിരുന്നു പിതാവിന്റെ മകൻ പഠനകാലയളവിൽ കൊമേഴ്‌സിൽ ബിരുദമെടുക്കാൻ ശ്രമം നടത്തിയെങ്കിലും തന്റെ താൽപര്യങ്ങൾ അക്കാദമിക് കാര്യങ്ങളിൽ അല്ലെന്ന് തിരിച്ചറിയുകയാണുണ്ടായത്.
പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് ഗൗതം അദാനി മുംബൈയിലേക്ക് തിരിച്ചു. മഹാരാഷ്‌ട്രയിലെ മഹേന്ദ്ര ബ്രദേഴ്‌സിന് വേണ്ടി വജ്രങ്ങൾ വേർതിരിക്കുന്ന ജോലി ചെയ്യാൻ 1978ൽ തന്റെ 18-ാംവയസിൽ അദാനി മുംബൈയ്‌ക്ക് പോയി. അവിടെ 2-3 വർഷം തൊഴിലെടുത്ത അദാനിക്ക് വജ്രവ്യാപാരത്തിൽ താൽപര്യമുണ്ടായതോടെ സാവേരി ബസാറിൽ സ്വന്തമായി വ്യവസായം തുടങ്ങി.
തന്നെ ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരനാക്കിയ ‘അദാനി ഗ്രൂപ്പ്’ 1988ലാണ് അദ്ദേഹം രൂപീകരിക്കുന്നത്. കാർഷികം, പ്രതിരോധം, ലോജിസ്റ്റിക്‌സ്, ഊർജ്ജം, എയ്‌റോസ്‌പേസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ബിസിനസ് മേഖലകളിൽ വ്യാപിച്ച് കിടക്കുകയാണ് ഇന്ന് അദാനി ഗ്രൂപ്പ്.
Comments