നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവികളാണ് ബാക്ടീരിയകൾ. ഒരു കണക്കിന് പറഞ്ഞാൽ ഇവയുടെ സവിശേഷതയും അതുതന്നെയാണ്. ഏകകോശ ജീവികളായ ബാക്ടീരിയകൾ ഈ ലോകത്തിന്റെ നിലനിൽപ്പിന്റെ പ്രധാന ഘടകമാണ്. ഈ ആരംഭകാലത്ത് കാണപ്പെട്ട ഈ സൂക്ഷ്മ ജീവികളിൽ നിന്നാണ് പിന്നീട് എല്ലാ ജീവജാലങ്ങളും ഉണ്ടായത്. മനുഷ്യശരീരം ബാക്ടീരിയകളുടെ വാസസ്ഥലമാണെങ്കിലും ഇതിൽ ഒരു ചെറിയ പങ്ക് മാത്രമേ രോഗങ്ങൾക്ക് കാരണമാകുന്നുള്ളൂ.
എന്നാൽ നിർണായക കണ്ടെത്തലുമായാണ് ഇപ്പോൾ ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്. കരീബിയൻ കടലിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വെർമിസില്ലി ആകൃതിയിലുളള ബാക്ടീരിയയ്‌ക്ക് കൺപീലിയുടെ അത്രയും വലുപ്പമുണ്ടെന്നാണ് കണ്ടെത്തൽ, കൃത്യമായി പറഞ്ഞാൽ ഒരു സെന്റിമീറ്ററോളം നീളം.
ഒരു സാധാരണ ബാക്ടീരിയയുടെ നീളം 1-5 മൈക്രോമീറ്ററായിരിക്കും. എന്നാൽ ഈ ഇനത്തിന് ശരാശരി 10,000 മൈക്രോമീറ്റർ (ഒരു ഇഞ്ചിന്റെ പത്തിലൊന്ന്/1 സെ.മീ) നീളമുണ്ട്. തിയോമാർഗരിറ്റ മാഗ്നിഫിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി, മറ്റെല്ലാ ഭീമൻ ബാക്ടീരിയകളേക്കാളും ഏകദേശം 50 മടങ്ങ് വലുതാണ്, മാത്രമല്ല നഗ്‌നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലിന്റെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്ടീരിയയുടെ ശരാശരി സെൽ നീളം 9,000 മൈക്രോമീറ്ററിൽ കൂടുതലാണെന്ന് ഗവേഷകർ പ്രസ്താവിക്കുന്നു. അത്ഭുതകരമായ ഒരു കണ്ടുപിടുത്തമാണിതെന്ന് ഗവേഷകർ പറയുന്നു. പുതിയ കണ്ടെത്തൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴിതെളിക്കും എന്നാണ് പ്രതീക്ഷ.
Comments