ന്യൂഡല്‍ഹി: ഉപഭോക്താവിന്റെ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി പ്രമുഖ സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം. പ്രായത്തിനനുസരിച്ചുള്ള അനുഭവങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് പുതിയ വഴികള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ഉപഭോക്താവിന്റെ പ്രായം സ്ഥീരികരിക്കുന്നതിനായി രണ്ട് പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താവിന്റെ വീഡിയോ സെല്‍ഫി അപ് ലോഡ് ചെയ്തും സുഹൃത്തുക്കളുടെ സഹായത്തോടെയും പ്രായം സ്ഥീരികരിക്കാം. പ്രായോഗികമായ മാര്‍ഗമല്ല ഇതെന്ന് ഇന്‍സ്റ്റഗ്രാം തന്നെ പറയുന്നു.
2021 ല്‍ ശിശു സംരക്ഷണ ഏജന്‍സി നടത്തിയ പംനങ്ങളില്‍ 40 ശതമാനത്തിലധികം ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളും 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 3 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പ് ഉപയോഗിക്കരുതെന്നാണ് നിയമം.
2019 ല്‍ വയസ് സ്ഥിരീകരണ സംവിധാനം അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിജയകരമായിരുന്നില്ല. ലോഗ്ഇന്‍ ചെയ്യുമ്പോള്‍ ജനനതീയതി നിര്‍ബന്ധമായി ചോദിക്കുന്നുണ്ടെങ്കിലും ഉപഭോക്താവിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. എന്നാല്‍ പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ അപ് ലോഡ് ചെയ്യണമെന്നും പ്രഖ്യാപിച്ചിരുന്നു.
പുതിയ മാറ്റമായ വയസ് സ്ഥിരീകരണം ആവര്‍ത്തിച്ച് ആവശ്യപ്പെടില്ലെന്നും ഇന്‍സ്റ്റഗ്രാം വ്യക്തമാക്കുന്നു. നേരത്തെ നല്‍കിയിരുന്ന പ്രായത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നവര്‍ക്കുമാണ് ഇത് നിര്‍ബന്ധമായി വരിക. നിലവിലെ ഉപഭോക്താക്കളെ ഇത് ബാധിക്കില്ല.
സ്ഥിരീകരണത്തിനായി മൂന്ന് പേരെ അക്കൗണ്ട് ഉടമ തിരഞ്ഞെടുക്കണം. മൂന്ന് ദിവസ സമയത്തിനുള്ളില്‍ തിരഞ്ഞെടുത്തവര്‍ സ്ഥിരീകരണം അറിയിക്കണം.മറ്റൊരു മാര്‍ഗം സെല്‍ഫി വീഡിയോ അപ് ലോഡ് ചെയ്യുക എന്നതാണ്. ചിത്രം യോട്ടിയുമായി പങ്ക് വെച്ച് പ്രായം സ്ഥിരീകരിക്കും. 30 ദിവസത്തിനുള്ളില്‍ ഇത് അപ്രത്യക്ഷമാകുമെന്നും ഇന്‍സ്റ്റാഗ്രാം ഉറപ്പ് നല്‍കുന്നു.
യുകെ ജനറല്‍ ഡെറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ (യുകെ-ജിഡിപിആര്‍) തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് യോട്ടി. ആഗോളതലത്തില്‍ 500 ദശലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്ന പ്രായസ്ഥിരീകരണ വിദ്യയാണ് ഇത്. സാമൂഹമാദ്ധ്യമങ്ങള്‍, ഗെയിമിംഗ്, ഇ-കോമേഴ്സ് മേഖലകളില്‍ ഈ വിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.















