തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച അച്ഛനെ ആറംഗ സംഘം മർദ്ദിച്ചു. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഗുരുവായൂർ എക്സ്പ്രസിലാണ് സംഭവം.
കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. തുടർന്ന് ഇക്കാര്യം ചോദിക്കാൻ ചെന്ന അച്ഛനെ സംഘം മർദ്ദിച്ചു. സംഭവം നടക്കുന്നതിനിടെ അക്രമികളെ തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ മലപ്പുറം സ്വദേശി ഫഹ്സലിനും മർദ്ദനമേറ്റിട്ടുണ്ട്. 50 വയസിന് മുകളിലുള്ള ആറോളം പേരായിരുന്നു അതിക്രമത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ആലുവയ്ക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിലുള്ള സ്റ്റേഷനിലാണ് ഇവരെല്ലാം ഇറങ്ങിപോയതെന്ന് പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ തൃശൂർ റെയിൽവേ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായും മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയാണെന്നും പോലീസ് അറിയിച്ചു.
Comments