ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയിൽ എത്തുക. നാളെ രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമാണിത്. ഇത് നാലാം തവണയാണ് അദ്ദേഹം യുഎഇ സന്ദർശിക്കുന്നത്. 2015, 2018, 2019 വർഷങ്ങളിലാണ് ഇതിനു മുൻപ് യുഎഇയിൽ എത്തിയിട്ടുള്ളത്.
ഒടുവിൽ നടന്ന സന്ദർശനത്തിൽ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു. ദുബായ് എക്സ്പോ സന്ദർശിക്കാൻ ജനുവരിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊറോണ മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ നാലാമത്തെ യുഎഇ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നാണ് പ്രതീക്ഷ.
Comments