തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തിപ്രാപിച്ച് മഴ. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾ ഒഴികെയുള്ളവിടങ്ങളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടാകും. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശനിയാഴ്ചവരെയാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Comments