ന്യൂഡൽഹി: സൗഹൃദരാജ്യങ്ങളോടുള്ള കരുതൽ ഒന്നുകൂടി ഊട്ടി ഉറപ്പിച്ച് ഇന്ത്യ. താജിക്കിസ്ഥാനിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ആശുപത്രി നവീകരിച്ച് നൽകി മാതൃകയായിരിക്കുകയാണ് ഭാരതം. വിദേശസഹായങ്ങൾ കുറഞ്ഞ സൗഹൃദരാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ആശുപത്രിയുടെ നിർമ്മാണം. ഇന്ത്യ-താജിക്കിസ്ഥാൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ എന്നാണ് ആശുപത്രിയുടെ പേര്.
50 കിടക്കകൾ സജ്ജീകരിച്ചിട്ടുള്ള ഈ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഓപ്പറേഷൻ തിയേറ്റർ, എക്‌സറേ മെഷീനുകൾ, ക്രിട്ടിക്കൽ കെയർ ആംബുലൻസുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്ത്യ താജിക്കിസ്ഥാന് ഈ ആശുപത്രി നവീകരിച്ച് കൈമാറിയത്.
2014 ലാണ് ഇന്ത്യ ഈ ആശുപത്രി താജിക്കിസ്ഥാന് നൽകിയത്. പിന്നീട് ഘട്ടം ഘട്ടമായി ആശുപത്രിയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങിയ ഇവിടെ ഇന്ന് ഇഎൻടി, സർജറി, ഗൈനക്കോളജി, മെഡിസിൻ, പീഡിയാട്രിക്‌സ്, ഡെന്റൽ ഡിപ്പാർട്ട്മെന്റുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
കഴിഞ്ഞ 2 വർഷത്തിനുള്ളിൽ മാത്രം 2000-ലധികം ശസ്ത്രക്രിയകൾ ഉൾപ്പെടെ, കഴിഞ്ഞ 7 വർഷത്തിനിടെ 100,000-ത്തിലധികം രോഗികൾക്ക് ഈ ആശുപത്രിയിലൂടെ വൈദ്യസഹായം നൽകി. ഇന്ത്യൻ ആർമി ഡോക്ടർമാരും മറ്റു വിദഗ്ധരും അടങ്ങുന്ന സംഘം താജിക്കിസ്ഥാനിലെ സാധാരണക്കാർക്കടക്കം മികച്ച ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്.
Comments