മലപ്പുറം : വിവാഹം മുടങ്ങിയതിന് പതിനാറുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്താണ് പെൺകുട്ടി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറം തിരൂരിലാണ് സംഭവം.
പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കെതിരെ കേസെടുക്കണമെന്ന് ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക.പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് കുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. സിസിടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ഇവരെ അറിയിച്ചു.
Comments