വാഷിംഗ്ടൺ : പ്രായമായവരേക്കാൾ മദ്യപാനം കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായം, ലിംഗഭേദം, വർഷം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ മദ്യപാനത്തിന്റെ അപകടസാധ്യതകൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യപഠനമാണിത്.
15 നും 39 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് മദ്യപാനം എന്ന ദുശ്ശീലം കൂടുതലായി ബാധിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. 40 വയസിന് മുകളിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ നിയന്ത്രണത്തോടെ മദ്യപിക്കുന്നത് അപകടമല്ല. നിയന്ത്രണത്തോടെയുള്ള മദ്യപാനം ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും കുറയ്ക്കും.
204 രാജ്യങ്ങളിലെ മദ്യ ഉപയോഗത്തിന്റെ കണക്കുകൾ പ്രകാരം, 2020 ൽ 1.34 ബില്യൺ ആളുകൾ ദോഷകരമായ അളവിൽ മദ്യപിച്ചതായി ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. എല്ലായിടത്തും സുരക്ഷിതമല്ലാത്ത അളവിൽ അമിതമായി മദ്യം കഴിക്കുന്നത് 15-39 വരെ പ്രായമുളള പുരുഷന്മാരാണ്. ഇവർക്കിത് ആരോഗ്യപരമായ ഗുണങ്ങളൊന്നും നൽകുന്നില്ലെന്ന് മാത്രമല്ല അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു.
വാഹനാപകടം, ആത്മഹത്യ, കൊലപാതകം എന്നിവയുൾപ്പെടെ 60 ശതമാനത്തോളം മദ്യപാനം മൂലമുള്ള അപകടങ്ങൾ ഈ പ്രായത്തിലുള്ള ആളുകൾക്കിടയിലാണ് സംഭവിക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. 15-39 വരെ പ്രായമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ അളവിൽ മദ്യപിക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ചെറുപ്പക്കാർ മദ്യപിക്കരുത്. പ്രായമായവർ് ചെറിയ അളവിൽ മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല” യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ പ്രൊഫസറായ ഇമ്മാനുവേല ഗാകിഡൗ പറഞ്ഞു.
Comments