സുരേഷ് ഗോപി നായകനായ സൂപ്പർഹിറ്റ് ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയ്‌ക്ക് പിന്നാലെ പുതിയ ചിത്രവുമായി അനൂപ് സത്യന്‍. പുതിയ ചിത്രത്തിൽ നായകാനാകുന്നത് മോഹൻലാൽ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സിനിമയെപ്പറ്റി സൂചന നൽകിയത് സഹോദരൻ അഖിൽ സത്യനാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഖിൽ സത്യന്റെ വെളിപ്പെടുത്തൽ.
അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാവിനെ കംപ്ലീറ്റ് ആക്ടറിനൊപ്പം അഭിനയപ്പിക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അഖിൽ സത്യൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് അനൂപ് സത്യന്റെ പുതിയ ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് സത്യൻ. മലയാളത്തിലെ പ്രിയ ജോഡികളായ സുരേഷ്ഗോപി-ശോഭന കൂട്ടുക്കെട്ടുമായാണ് വരനെ ആവശ്യമുണ്ട് തിയറ്ററുകളിൽ റിലീസായത്. ഇവർക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിൽ വലിയ വിജയം നേടിയ സിനിമ നിർമ്മിച്ചത് നടൻ ദുൽഖർ സൽമാനാണ്. അഖില്‍ സത്യൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും.















