കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ രണ്ടാം ഭാഗം മമ്മൂട്ടിയെ നായകനാക്കി എത്തുമെന്ന് വ്യാജ പ്രചാരണം. ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ കടുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചന നൽകിയിരുന്നു. ഇതാണ് വ്യാജ പ്രചരണങ്ങൾക്ക് ആക്കം കൂട്ടിയത്.
സിനിമയുടെ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജിന്റെ അച്ഛനായി മമ്മൂട്ടിയെത്തുമെന്നാണ് പ്രചാരണം. ഇതിന്റെ ഭാഗമായി മമ്മൂട്ടിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വെച്ച് നിർമ്മിച്ച പോസ്റ്ററും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിൽ മമ്മൂട്ടിയുടെ ഛായയുള്ള ചിത്രം പൃഥ്വിരാജ് കഥാപാത്രത്തിന്റെ അച്ഛന്റേതായി ഉപയോഗിച്ചതും വ്യാജ പ്രചാരണങ്ങൾക്ക് കാരണമായി. കടുവാക്കുന്നേൽ കുര്യച്ചന്റെ അച്ഛന് സിനിമയിലുടനീളം വലിയ പ്രാധാന്യം നൽകിയത് രണ്ടാം ഭാഗത്തിനുള്ള സൂചനയാണെന്നും പ്രചാരണമുണ്ട്.
എന്നാൽ കടുവയുടെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി നായകനായെത്തുന്ന വാർത്തകൾ വാജ്യ മാണെന്നാണ് ഫാൻസ് പേജുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെയൊരു ചിത്രത്തിന് മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടില്ലെന്നാണ് ഫാൻസ് പേജുകളുടെ വിശദീകരണം. എന്തായാലും ഇക്കാര്യത്തിൽ മമ്മൂട്ടിയോ പൃഥ്വിരാജോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
Comments