രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ആർആർആറിനെ പ്രശംസിച്ച് ഡോക്ടർ സ്ട്രേഞ്ച് സംവിധായകൻ സ്കോട്ട് ഡെറിക്സൺ . സമൂഹമാദ്ധ്യമത്തിലൂടെയാണ് സംവിധായകൻ പ്രശംസ അറിയിച്ചത്.
‘ഇന്നലെ രാത്രി എന്റെ ജന്മദിനം ആഘോഷിക്കാൻ, ഞാനും ഭാര്യയും കുട്ടികളും ആർആർആർ കണ്ടു. ഗംഭീര സിനിമ, എല്ലാവരും നന്നായി ആസ്വദിച്ചു..” സിനിമയിൽ നിന്നുള്ള ഒരു ജിഫ് പങ്കുവെച്ചുകൊണ്ട് ഡെറിക്സൺ ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഡെറിക്സണിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, നല്ല വാക്കുകൾക്ക് ആർആർആർ പ്രവർത്തകർ ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചു. ”ഹാപ്പി ബർത്ത്ഡേ സ്കോട്ട് ആർആർആർ നോടുള്ള സ്നേഹത്തിനും നന്ദി. നിങ്ങളെല്ലാവരും സിനിമ ആസ്വദിച്ചതിൽ സന്തോഷമുണ്ട്, വളരെ നന്ദി!” ആർആർആർ പ്രവർത്തകർ ട്വീറ്റ് ചെയ്തു.
ബോക്സ്ഓഫിസിൽ വൻ വിജയമായിരുന്നു രാജമൗലി ഒരുക്കിയ ആർആർആർ . 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയേറ്ററിലെത്തിയത്.റിലീസ് ചെയ്ത മാർച്ച് 25 ന് തന്നെ ചിത്രം ആദ്യ റെക്കോർഡ് ഭേദിച്ച്കൊണ്ട് 132.30 കോടി നേടി. ആദ്യ വാരമായപ്പോഴേക്കും അത് 341.20 കോടിയായി. ആ വാരാന്ത്യത്തിൽ ആദ്യ ഓപ്പണിംഗ് റെക്കോർഡ് നേടിയ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ പിറകിലാക്കി 467 കോടിയുമായി ആർആർആർ മുന്നേറി. 150 കോടിയിലധികം രൂപയാണ് ലോകമെമ്പാടുമായി ചിത്രം വാരി കൂട്ടിയത്. അതേസമയം റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.















