പാലക്കാട്: സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തത്. തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്.
മേയ് 18 ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനം. സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഐപിസി 153 പ്രകാരം കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഒരാഴ്‌ച്ചയ്‌ക്കകം സ്റ്റേഷനിൽ ഹാജരാകാനാണ് സംവിധായികയ്‌ക്ക് പോലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജ്യാന്തര ചലചിത്രമേളയിൽ പ്രതിഷേധിച്ചതിന് കുഞ്ഞിലയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മേളയിൽ നിന്ന് തന്റെ ചിത്രം മനപൂർവം ഒഴിവാക്കിയെന്നും, ചിത്രം തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം അക്കാദമി വിശദീകരണമെന്നും ആവശ്യപ്പെട്ടായിരുന്നു അവർ പ്രതിഷേധം നടത്തിയത്.















