അതിരപ്പള്ളി : ആക്രമിക്കാനടുത്ത ഒറ്റയാന് മുന്നിൽ നെഞ്ചും വിരിച്ച് നിന്ന യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബുള്ളറ്റിലെത്തിയ യുവാവിനെ അടിച്ചു തെറിപ്പിക്കാനായി പാഞ്ഞടുത്ത കാട്ടാന ഇയാളെ കണ്ടതോടെ ഒന്ന് പതറി, പിന്നെ വാഹനത്തിൽ തലോടിയ ശേഷം മെല്ലെ തിരിഞ്ഞ് നടന്നു. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടാണ് പലരും ഈ വീഡിയോ കണ്ടത്.
അന്നമനട സ്വദേശി ഡാറ്റ്സനാണ് ഒറ്റയാന്റെ കൊമ്പുകൾക്ക് മുന്നിൽ അടിപതറാതെ നിന്നുകൊണ്ട് താരമായിരിക്കുന്നത്. മലക്കപ്പാറ-അതിരപ്പിള്ളി റൂട്ടിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തൊഴിലാളിയായ ഡാറ്റ്സൺ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നേരെ ഒറ്റയാന്റെ മുന്നിൽ ചെന്ന് പെട്ടത്. തിരികെ പോകാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല, കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ തന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്ന് ഡാറ്റ്സണ്‍ തോന്നി. കാട്ടാനയെ കാണുമ്പോൾ പരിഭ്രാന്തി കാണിക്കരുതെന്ന് എവിടെയോ കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വണ്ടി ഓഫ് ചെയ്ത് നിശബ്ദനായി നിന്നു.
തൊട്ടടുത്തെത്തിയ ആന ടയറിൽ കൊമ്പു കൊണ്ട് തട്ടി. തുമ്പിക്കൈ കൊണ്ട് ദേഹത്ത് തട്ടി. ധൈര്യത്തോടെ ഇരുന്നതുകൊണ്ടാകാം ഒന്നും ചെയ്യാതെ കാട്ടാന മടങ്ങിയെന്ന് ഡാറ്റ്സൺ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്നാണ് ഡാറ്റ്സൻ പറഞ്ഞത്. പിന്നാലെ വന്ന ആലപ്പുഴ സ്വദേശികളാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
Comments