തിരുവനന്തപുരം: പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തിമ ഫലപ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നത്. കേരളത്തിൽ നിന്നും മുർമുവിന് ലഭിച്ച ഒരു വോട്ടിന്നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ. മുർമുവിന്റെ എളിമ നിറഞ്ഞ പശ്ചാത്തലവും, രാഷ്ട്രീയ-ഭരണ രംഗത്തെ മികവും നമ്മുടെ പരമോന്നത പദവിയ്ക്ക് കൂടുതൽ മൂല്യം നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിൽ നിന്ന് ദ്രൗപദി മുർമ്മുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ട്. ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേന്ദ്രന് പുറമേ ബിജെപി നേതാവ് പി.കെ കൃഷ്ണദാസും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. ദ്രൗപതി മുർമു രാഷ്ട്രപതിയായത് സാമൂഹ്യവിപ്ലവമാണെന്ന് അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന് പുറമേ ബിജെപി നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, ഡോ. കെഎസ് രാധാകൃഷ്ണൻ, അഡ്വ. ഇ കൃഷ്ണദാസ് എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
Comments