പത്തനംതിട്ട: കുമ്പനാട് സ്വകാര്യ ക്ലബ്ബിൽ പണം വച്ചുള്ള ചീട്ടു കളിക്കിടെ പിടിയിലായ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട എആർ ക്യാമ്പിലെ എസ്ഐ എസ്.കെ.അനിൽ, പാലക്കാട് പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർ അനൂപ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ 16ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പത്ത് ലക്ഷത്തോളം രൂപയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ക്ലബ്ബിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരുൾപ്പെടെ പത്തോളം പേരെ പിടികൂടിയത്.
സസ്പെൻഷൻ ലഭിച്ച എസ്ഐ അനിൽ നേരത്തേയും ക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ടിട്ടുണ്ട്. റാന്നിയിൽ സിപിഒയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇയാളെ എആർ ക്യാമ്പിലേക്ക് മാറ്റി നിയമിച്ചത്.
Comments